Connect with us

News

ഹയ ഖത്തര്‍:സര്‍വ്വം ഹയ

അതെ, ഖത്തര്‍ ആകെ മാറിയിരിക്കുന്നു. അതിവേഗം അവര്‍ സഞ്ചരിക്കുന്നു. വിശാല വീക്ഷണവും ഉയര്‍ന്ന സാംസ്‌കാരികതയും സമ്പന്നമായ സാഹചര്യങ്ങളുമാണ് രാജ്യത്തിന്റെ അതിവേഗ ഗമനത്തിന് കാരണം.

Published

on

ഖത്തറില്‍ നിന്ന് കമാല്‍ വരദൂര്‍

ഹയ എന്ന അറബി വാക്കിനര്‍ത്ഥം ജീവിതം, വിശ്വാസം, സൗഹൃദം, സ്‌നേഹം എന്നിങ്ങനെ. ഹയാത്ത് അഥവാ ജിവിതം എന്ന പദം ലോപിച്ചാണ് ഹയ ആയിരിക്കുന്നത്. പദത്തിന്റെ അര്‍ത്ഥം സാഹചര്യം പോലെ വിവക്ഷിക്കാം. ഈ രണ്ടക്ഷര അറേബ്യന്‍ പദമറിയാത്തവരായി ഇന്ന് ലോകത്താരുമില്ല. ഖത്തറിലെത്തണമെങ്കില്‍ ഹയ വേണം. ഇവിടെ സഞ്ചരിക്കണമെങ്കില്‍ ഹയ വേണം. വിമാനത്താവളത്തിനകത്തും പുറത്തുമെല്ലാം ഹയ തന്നെ. ഹയ കാര്‍ഡുള്ളവര്‍ക്ക് ലോകത്തെ എല്ലാ വിമാനത്താവളങ്ങളിലും ലോകകപ്പിന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍മാരായ ഖത്തര്‍ എയര്‍വേയ്‌സിന്റെ പ്രത്യേക കൗണ്ടര്‍.

അവിടെ കാര്യമായ ക്യൂ വേണ്ട. ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ എമിഗ്രേഷനായി അതിവിശാല ക്യു ഇല്ല. പാസ്‌പോര്‍ട്ട് സ്‌കാന്‍ ചെയ്യുന്നു. അതില്‍ ഹയ തെളിയുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് പുറത്ത് കടക്കാം. വിമാനത്താവളത്തില്‍ ഹയക്കൊപ്പം സൗജന്യ സിം കാര്‍ഡ്മൂന്ന് ദിവസം സമ്പൂര്‍ണ സൗജന്യമായി ആരെയും വിളിക്കാം. ഇന്റര്‍നെറ്റ് സംവിധാനങ്ങളെ പ്രയോജനപ്പെടുത്താം. വിമാനത്താവളത്തിന് പുറത്തിറങ്ങിയാലും കേള്‍ക്കാനാവുന്നത് ഇത് തന്നെ. ഇത്തരമൊരു പൊതു തിരിച്ചറിയല്‍ സംവിധാനം ഇതാദ്യമായാണ് ലോകകപ്പ് സംഘാടക രാജ്യത്ത് കാണുന്നത്. ഇതിന് പിറകില്‍ മുഖ്യ സംഘാടകരായ സുപ്രീം കമ്മിറ്റി കാണുന്നത് ഒന്ന് മാത്രം ഏകീകരണം. കൃത്യമായ സാങ്കേതിക സംവിധാനത്തിലാണ് എല്ലാം സജ്ജീകരിച്ചിരിക്കുന്നത്. പതിവ് പോലെ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍. വിശാലമായ വോളണ്ടിയര്‍ സംവിധാനം. ലോകത്തെ ഏറ്റവും മനോഹരമായ രാജ്യാന്തര വിമാനത്താവളമാണ് ഹമദ്. ആദ്യ കാഴ്ച്ചയില്‍ ഒരു സ്വപ്‌നഭൂമി.

പക്ഷേ തടസങ്ങളില്ലാതെ ലക്ഷ്യത്തിലെത്താനുള്ള മാനുഷിക സംവിധാനങ്ങള്‍. ഫോട്ടോ സ്‌പോട്ടായി ലോകകപ്പ് ഭാഗ്യ ചിഹ്നനങ്ങളുടെ കൂറ്റന്‍ റപ്ലിക്കകള്‍. അടിമുടി മാറിയിരിക്കുന്നു ലോകകപ്പിനായി ഖത്തറും ദോഹയും. മുമ്പ് ഇവിടം സന്ദര്‍ശിച്ചവര്‍ക്ക് കാലിക മാറ്റങ്ങള്‍ പെട്ടെന്ന് ഉള്‍ക്കൊള്ളാനാവില്ല. സുന്ദരമായ പാതകള്‍, ഇരുവശവും ലോകത്തെ സ്വാഗതം ചെയ്തുള്ള ഇലക്‌ട്രോണിക് ബോര്‍ഡുകള്‍.
ഹമദില്‍ നിന്നും ദോഹ നഗരത്തിലേക്ക് വരുമ്പോള്‍ തലയെടുപ്പോടെ സ്‌റ്റേഡിയം 974. കോര്‍ണിഷ് എന്ന ദോഹയുടെ സുന്ദരമുഖത്ത് ഫല്‍ഗ് പ്ലാസയും ഫാന്‍ ബേസുമെല്ലാം.. പ്രഭാത, പ്രദോഷ സവാരിക്കായി എല്ലാവരും ആശ്രയിച്ച ശാന്ത സുന്ദര കടല്‍ തീരത്തേക്ക് പക്ഷേ വാഹന സൗകര്യം താല്‍കാലികമായി ഇല്ല. പൂര്‍ണമായും കാല്‍നട യാത്ര. എട്ട് വേദികളില്‍ അല്‍കോര്‍ സ്‌റ്റേഡിയത്തിലേക്ക് മാത്രം മെട്രോ സംവിധാനമില്ല. ബാക്കിയെല്ലായിടത്തുമെത്താന്‍ വേണ്ടത് ഹയ കാര്‍ഡ് മാത്രം. ഹയ മെട്രോ സ്‌റ്റേഷന്‍ കവാടത്തില്‍ സ്‌കാന്‍ ചെയ്താല്‍ അതിവേഗ നഗര വാഹനത്തില്‍ ഓടിക്കയറാം. ഫൈനല്‍ മല്‍സര വേദിയായ ലുസൈല്‍ ഉള്‍പ്പെടെ പ്രധാന കളി വേദികളിലെത്താം.

16 വര്‍ഷം മുമ്പ് ദോഹ ഏഷ്യന്‍ ഗെയിംസിനായി (2006) വന്നപ്പോഴുള്ള ദോഹയാണ് പെട്ടെന്ന് മനസില്‍ വന്നത്. അന്ന് ഏഷ്യന്‍ ഗെയിംസ് അതിഥികള്‍ക്കായി പ്രത്യേക ടെര്‍മിനലായിരുന്നു. കൊച്ചു നഗരം മുഴുവന്‍ ഗെയിംസ് ഭാഗ്യ ചിഹ്നന്മായ ഒറിയായിരുന്നു. ഒറി എന്ന കൊച്ചു മൃഗമായിരുന്നു രാജ്യം മുഴുവന്‍. ഖലീഫ സ്‌റ്റേഡിയത്തിലായിരുന്നു അന്ന് ഉദ്ഘാടനം. ചന്നം പിന്നം പെയ്ത മഴയിലും ആ ഉദ്ഘാടനം വിസ്മയ ചടങ്ങ് ഇപ്പോഴും ലോകം ഓര്‍ത്തിരിക്കുന്നു. രാജകുമാരന്‍ കുതിരപ്പുറത്ത് ഓടിക്കയറിയ രംഗം. ശ്വാസമടക്കിപ്പിടിച്ച് അമീര്‍ ഹമദ് ബിന്‍ കലീഫ അല്‍ത്താനിയും ലോകവും. കുത്തനെ ഗ്യാലറിയിലേക്ക് ഓടിക്കയറവെ കുതിരയൊന്ന് നിന്നപ്പോള്‍ ലോകം നിശ്ചലമായി. നിശബ്ദമായ ആ മുഹൂര്‍ത്തത്തെ ധൈര്യത്തോടെയാണ് ഇന്നും ഖത്തര്‍ കാണുന്നത്. അതാണ് കൊച്ചു രാജ്യത്തിന്റെ കായിക പാരമ്പര്യം. സ്വന്തം മകനെ അശ്വാരൂഢനാക്കിയ പിതാവ്. ഹമദ് ബിന്‍ ഖലീഫാ അല്‍ത്താനിയുടെ മകനായ ഷെയ്ക്ക് തമീമാണ് ഇന്നത്തെ ഭരണാധികാരി. 2006 ല്‍ നിന്നും അതിവേഗം രാജ്യത്തെ ലോകത്തെ വിസ്മയ ഖനിയാക്കിയ യുവ ഭരണാധികാരി. ഖലീഫ സ്‌റ്റേഡിയത്തിന് പുറമെ ഇന്ന് ഏഴ് പുതുപുത്തന്‍ കളി വേദികള്‍. എല്ലാം വിസ്മയ പര്‍വങ്ങള്‍. അല്‍ കോറിലെ അറേബ്യന്‍ പായ്ക്കപ്പല്‍ സ്‌റ്റേഡിയം ഖത്തറിന്റെ സാംസ്‌കാരികതക്കുള്ള തെളിവാണ്. 2006 ല്‍ കണ്ട ഒറിക്ക് പകരം ഇന്ന് കാണുന്നത് ലോകകപ്പിന്റെ ഭാഗ്യ ചിഹ്നമായ ലായിബിനെ. അത്യപൂര്‍വ ഗുണഗണങ്ങളുള്ള കളിക്കാരന്‍ എന്നതാണ് ലായിബ്.

അതെ, ഖത്തര്‍ ആകെ മാറിയിരിക്കുന്നു. അതിവേഗം അവര്‍ സഞ്ചരിക്കുന്നു. വിശാല വീക്ഷണവും ഉയര്‍ന്ന സാംസ്‌കാരികതയും സമ്പന്നമായ സാഹചര്യങ്ങളുമാണ് രാജ്യത്തിന്റെ അതിവേഗ ഗമനത്തിന് കാരണമെന്ന് ഹമദില്‍ സ്വീകരിക്കാനെത്തിയ ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷനിലെ അബ്ദുള്‍ അസീസ് എടച്ചേരിയും ചന്ദ്രിക ദോഹ ബ്യൂറോ ചീഫ് അഷ്‌റഫ് തുണേരിയും കെ.എം. സി.സി നേതാക്കളായ നിഅമത്തുല്ല കോട്ടക്കലും കോയ കൊണ്ടോട്ടിയും സഹദ് പുറമേരിയും ഫോട്ടോഗ്രാഫര്‍ റുബിനാസ് കോട്ടേടത്തും സാക്ഷ്യപ്പെടുത്തുമ്പോള്‍ ഒന്നുറപ്പാണ് ഈ ലോകകപ്പ് ലോക കായിക ഭൂപടത്തില്‍ ഖത്തറിനെ അടയാളപ്പെടുത്തലാവും.

GULF

കുവൈത്ത് കെഎം.സി.സി. വോട്ട് വിമാനം പുറപ്പെട്ടു

Published

on

കണ്ണൂർ: നിർണ്ണായകമായ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനു വേണ്ടി കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാകമ്മറ്റി ഏർപ്പെടുത്തിയ വോട്ട് വിമാനം പുറപ്പെട്ടു. സലാം എയർലൈൻസിൽ കണ്ണൂർ ജില്ലാപ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോടിന്റെ നേതൃത്വത്തിൽ നൂറോളം കെ.എം.സി.സി. നേതാക്കളും പ്രവർത്തകരുമടങ്ങിയ സംഘമാണ് ബുധനാഴ്ച വൈകിട്ട് 6 മണിക്ക് പുറപ്പെട്ടത്.

കുവൈത് കെഎംസിസി സംസ്ഥാനഭാരവാഹികളുടെയും വിവിധ ജില്ലാ യു. ഡി.എഫ്. നേതാക്കളുടേയും പ്രവർത്തകരുടേയും നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയിട്ടുള്ളത്. മലബാർ മേഖലയിലെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലുൾപ്പെട്ടവരാണ് വോട്ട് വിമാനത്തിൽ നാട്ടിലെത്തിയത്. കുവൈത്ത് കെഎം.സി.സി.യുടെ ചരിത്രത്തിൽ ജില്ലാകമ്മറ്റികളുടെ നേതൃത്വത്തിൽ ആദ്യമായാണ് വോട്ട് രേഖപ്പെടുത്താൻ പ്രത്യേക വിമാനം ഏർപ്പാട് ചെയ്തിരിക്കുന്നത്.

കെഎംസിസി മുൻ സംസ്ഥാനകമ്മിറ്റി വൈസ് പ്രസിഡന്റ് പി വി ഇബ്രഹീം,കണ്ണൂർ ജില്ലാ വൈസ് പ്രസിഡെന്റ് മുസ്തഫ ഊർപ്പള്ളി,കോഴിക്കോട് ജില്ലാ സെക്രെട്ടറി ഗഫൂർ മുക്കാട്ട്, കുറ്റിയാടി മണ്ഡലം പ്രസിഡന്റ് ഫൈസൽ ഹാജി,ശബാദ് ബാലുശ്ശേരി തുടങ്ങി- വിവിധ ജില്ലാ മണ്ഡലം നേതാക്കളും സംഘത്തിൽ ഉൾപ്പെടുന്നു. വോട്ട് വിമാനത്തിൽ നാട്ടിലേക്ക് പോകുന്നവർക്ക് കുവൈത്ത് വിമാനത്താവളത്തിൽ നൽകിയ യാത്രയപ്പിൽ സംസ്ഥാനഭാരവാഹികളായ ഷാഫി കൊല്ലം, സെക്രട്ടറിയായിരുന്ന ടി.ടി ഷംസു,ശഹീദ് പാടില്ലത്ത്,മുസ്തഫ സികെ,സംസ്ഥാ ന പ്രവർത്തക സമിതിയംഗങ്ങൾ, അസ്സീസ് നരക്കോട്ട് തുടങ്ങി വിവിധ ജില്ലാ – മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും മറ്റു വിമാനത്താവളങ്ങളിലേക്ക് പ്രവർത്തകർ ‘ എത്തുമെന്ന് കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാ നേതൃത്വം അറിയിച്ചു

Continue Reading

kerala

പ്രചാരണം ക്ലൈമാക്‌സിലേക്ക്; ഇനി മണിക്കൂറുകള്‍, നാലുജില്ലകളില്‍ നിരോധനാജ്ഞ

പ്രചാരണ സമാപനം കൊഴുപ്പിക്കാനായി മൂന്ന് മുന്നണികളും 20 മണ്ഡലങ്ങളിലെയും പ്രധാന കേന്ദ്രങ്ങളിലേക്ക് ഒഴുകി എത്തി കൊണ്ടിരിക്കുകയാണ്.  

Published

on

ലോക്‌സഭ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് ഒരു മാസത്തിലേറെ നീണ്ട പരസ്യ പ്രചാരണങ്ങള്‍ ആവേശകരമായ കലാശക്കൊട്ടിലേക്ക്. വൈകീട്ട് ആറുമണിയോടെ പരസ്യ പ്രചാരണങ്ങള്‍ സമാപിക്കും. പ്രചാരണ സമാപനം കൊഴുപ്പിക്കാനായി മൂന്ന് മുന്നണികളും 20 മണ്ഡലങ്ങളിലെയും പ്രധാന കേന്ദ്രങ്ങളിലേക്ക് ഒഴുകി എത്തി കൊണ്ടിരിക്കുകയാണ്.

സംഘര്‍ഷം ഒഴിവാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതിന് പുറമേ, കലാശക്കൊട്ട് കേന്ദ്രങ്ങളും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നിശ്ചയിച്ച് നല്‍കുകയായിരുന്നു. മറ്റന്നാള്‍ നാളെ രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. നാളെ നിശബ്ദ പ്രചാരണം. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.

തിരുവനന്തപുരത്തിന് പുറമേ തൃശൂര്‍, കാസര്‍കോട്, പത്തനംതിട്ട ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് വൈകീട്ട് ആറുമണി മുതല്‍ ശനിയാഴ്ച വരെയാണ് നിരോധനാജ്ഞ. പത്തനംതിട്ടയില്‍ നാളെ വൈകീട്ട് ആറുമണി മുതലാണ് ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

Continue Reading

kerala

പാര്‍ലിമെന്റ് തെരഞ്ഞടുപ്പ്: മതേതര ഇന്ത്യയെ തിരിച്ചു പിടിക്കാനാവണം-എസ്.വൈ.എസ്

കേരള മുസ്‌ലിംകളുടെ സംഘടിത കുതിപ്പില്‍ അസൂയ പൂണ്ട് ചിലര്‍ നടന്നത്തുന്ന ഈ പ്രചാരവേലകള്‍ക്കു പിന്നിലെ അജണ്ടകളെ പ്രാസ്ഥാനിക പ്രവര്‍ത്തകര്‍ തിരിച്ചറിയേണ്ടതുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.

Published

on

മലപ്പുറം:രാജ്യം നിര്‍ണായക തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ മതേതര ഇന്ത്യയെ തിരിച്ചുപിടിക്കാനാണ് വോട്ട് ചെയ്യേണ്ടതെന്ന് എസ്.വൈ.എസ്. ഇന്ത്യ നിര്‍ണായകമായ ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയെന്ന ബഹുസ്വര ആശയത്തെയും അത് ഉറപ്പുതരുന്ന ഭരണഘടനയെയും അപ്രസക്തമാക്കുന്ന വിധത്തിലാണ് ബി.ജെ.പി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഫാസിസം രാജ്യത്തെ വരിഞ്ഞുമുറുക്കിയിരിക്കുന്നു. ന്യൂനപക്ഷങ്ങള്‍ നാനാ ഭാഗത്തുനിന്നും നിരന്തരം ഭീഷണികള്‍ നേരിട്ടുകൊണ്ടിരിക്കുന്നു. രാജ്യത്തെ മുസ്‌ലിംകളെ മാത്രം അധിക്ഷേപിച്ചുകൊണ്ട് കഴിഞ്ഞ ദിവസം പോലും പ്രധാനമന്ത്രി സംസാരിക്കുകയുണ്ടായി.

അതുകൊണ്ടുതന്നെ, ഈ തെരഞ്ഞെടുപ്പില്‍ അഖണ്ഠതയുടെയും ചേര്‍ന്നുനില്‍പ്പിന്റെയും രാജ്യത്തെ തിരിച്ചുപിടിക്കാനും അതിന്റെ ബഹുസ്വരതയെ കാത്തുസൂക്ഷിക്കാനും ഉപകരിക്കുന്നതാവണമെന്ന് എസ്.വൈ എസ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സീനിയര്‍ വൈസ് പ്രസിഡന്റ് അബ്ദുസമദ് പൂക്കോട്ടൂര്‍, ജന:സെക്രട്ടറി സലീം എടക്കര, ട്രഷറര്‍ ഖാദര്‍ ഫൈസി കുന്നുംപുറം എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

സമസ്തക്ക് പ്രത്യേകമായി രാഷ്ട്രീയ ബന്ധമില്ല. ഇതിനര്‍ത്ഥം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് പ്രവര്‍ത്തിക്കാന്‍ അത് ഉദ്ദേശിക്കുന്നില്ല എന്നതാണ്. വ്യക്തികള്‍ക്ക് മതവിരുദ്ധമല്ലാത്ത രാഷ്ട്രീയപാര്‍ട്ടിയില്‍പ്രവര്‍ത്തിക്കാം. എന്നാല്‍ സംഘടനക്ക് രാഷ്ട്രീയമില്ല.
സമസ്തയിലും മുസ്‌ലിം ലീഗിലും മതപരമായും രാഷ്ട്രീയമായും ഒരേ ചിന്താഗതിക്കാരാണ് കൂടുതല്‍ ഉള്ളത്. ഈയടിസ്ഥാനത്തിലാണ് സമസ്തയും മുസ്‌ലിം ലീഗും എല്ലാ കാലത്തും പരസ്പര ബന്ധം നിലനിര്‍ത്തിപ്പോരുന്നത്. സമസ്തയുടെ കഴിഞ്ഞ കാല പണ്ഡിതന്മാര്‍ കാണിച്ചുതന്ന പാരമ്പര്യവും മാതൃകയുമാണത്. അത് എന്നും തുടര്‍ന്നുപോരുന്നതുമാണ്. പാണക്കാട് സാദാത്തുക്കളുമായുള്ള ബന്ധവും ഇവിടെ വളരെ പ്രധാനപ്പെട്ടതാണ്. സമസ്തയും പാണക്കാട് തങ്ങന്മാരും ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് കേരളത്തില്‍ ഇന്നു കാണുന്ന സൗഹാര്‍ദാന്തരീക്ഷത്തിന് വഴിതുറന്നിട്ടുള്ളത്.

പാണക്കാട് തങ്ങന്മാരും സമസ്തയും തമ്മിലുള്ള ബന്ധത്തെ വഷളാക്കാനും അതുവഴി കേരളീയ മുസ്‌ലിം സമൂഹത്തിന്റെ സംഘടിത ഭദ്രത നശിപ്പിക്കാനും ഇന്ന് സോഷ്യല്‍ മീഡിയയിലും പുറത്തും ചിലര്‍ ശക്തമായി ശ്രമിക്കുന്നുണ്ട്. കേരള മുസ്‌ലിംകളുടെ സംഘടിത കുതിപ്പില്‍ അസൂയ പൂണ്ട് ചിലര്‍ നടന്നത്തുന്ന ഈ പ്രചാരവേലകള്‍ക്കു പിന്നിലെ അജണ്ടകളെ പ്രാസ്ഥാനിക പ്രവര്‍ത്തകര്‍ തിരിച്ചറിയേണ്ടതുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.

എന്നാല്‍ സമസ്തയുടെ പേര് ദുരുപയോഗം ചെയ്ത് ഫോണ്‍ കാമ്പയിനുകളും സോഷ്യല്‍മീഡിയ പ്രചാരണങ്ങളും ചിലരുടെ പ്രസ്താവനകളും അരങ്ങേറുകയും സമസ്ത നേതാക്കളുടെ വ്യക്തമായ പ്രസ്താവനകള്‍ക്ക് ശേഷവും അത് തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ വ്യക്തത വരുത്തല്‍ അനിവാര്യമായി വന്നതിനാലാണ് ഇക്കാര്യം ബോധ്യപ്പെടുത്തേണ്ടിവരുന്നത്.സമസ്ത നേതാക്കളും സമുദായ നേതാക്കളും കൂടിയിരുന്ന് പരിഹരിക്കേണ്ടവിഷയങ്ങള്‍’ തെരഞ്ഞെടുപ്പിന്റെ മുഖത്ത് ചര്‍ച്ചയാക്കുന്നത് സമുദായത്തിന്റെ കെട്ടുറപ്പ് തകര്‍ക്കാന്‍ ശത്രുവിന് വടി നല്‍കലായിരിക്കും.

രാജ്യത്തെ വെട്ടി മുറിക്കുന്ന വര്‍ഗീയ കക്ഷികളെ അധികാരത്തില്‍നിന്നു താഴെ ഇറക്കാനും രാജ്യത്തിന്റെ ബഹുസ്വരതയെ കാത്തുസൂക്ഷിക്കുന്ന മതേതര കക്ഷികളെ അധികാരത്തില്‍ കൊണ്ടുവരാനും ഈ തെരഞ്ഞെടുപ്പില്‍ ഓരോരുത്തരും തങ്ങളുടെ സമ്മതിദാനാവകാശം ഉപയോഗിക്കേണ്ടതുണ്ട്. രാജ്യത്തെ വളരെ നിര്‍ണായകമായ ഈ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം തിരിച്ചറിയാനും സാമുദായികവും സംഘടനാപരവുമായ ഛിദ്രതയുണ്ടാക്കി അതിനെതിരെ ഇറങ്ങിത്തിരിച്ചവരുടെ അജണ്ടകളെ മനസ്സിലാക്കാനും എല്ലാവരും തയ്യാറാവേണ്ടതുണ്ടന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Continue Reading

Trending