X
    Categories: CultureViews

ഗുജറാത്ത് വംശഹത്യ: മോദി സര്‍ക്കാറിന്റെ ഗൂഢാലോചനയില്‍ അന്വേഷണം ആവശ്യപ്പെടാന്‍ സാകിയ ജാഫ്രിക്ക് കോടതി അനുമതി

നരേന്ദ്ര മോദി

അഹമ്മദാബാദ്: 2002 ഗുജറാത്ത് വംശഹത്യയിലെ ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല കേസില്‍ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന ഭരണകൂടത്തിനെതിരെ വിപുലമായ അന്വേഷണം ആവശ്യപ്പെടാന്‍ സാകിയ ജാഫ്രിക്ക് ഗുജറാത്ത് ഹൈക്കോടതി അനുമതി നല്‍കി. ഗുല്‍ബര്‍ഗ് ഹൗസിങ് സൊസൈറ്റിയില്‍ ആള്‍ക്കൂട്ടം നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുന്‍ കോണ്‍ഗ്രസ് എം.പി ഇഹ്‌സാന്‍ ജാഫ്രിയുടെ വിധവയായ സാകിയ, നരേന്ദ്ര മോദി അടക്കമുള്ള രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരായ തന്റെ പരാതി തള്ളിയ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് വിധിക്കെതിരെ നല്‍കിയ ഹര്‍ജിയിലാണ് ഭാഗികമായ അനുകൂല വിധി സമ്പാദിച്ചത്. മോദിക്കും മറ്റുമെതിരെ വിപുല അന്വേഷണത്തിന് ഹര്‍ജി നല്‍കാന്‍ സാകിയയെ അനുവദിച്ചെങ്കിലും വംശഹത്യയിലെ ഗൂഢാലോചന തള്ളിക്കളഞ്ഞു കൊണ്ട് പ്രത്യേകാന്വേഷണ സംഘ(എസ്.ഐ.ടി)ത്തിന്റെ അന്തിമ റിപ്പോര്‍ട്ട് ഹൈക്കോടതി അംഗീകരിച്ചു.

മുസ്‌ലിംള്‍ക്കെതിരായ വംശഹത്യയില്‍ മോദിയടക്കമുള്ള രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും വിപുലമായ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് 2006 ഓഗസ്റ്റിലാണ് സാകിയ ജാഫ്രി ഡി.ജി.പിക്ക് പരാതി നല്‍കിയത്. ഇതില്‍ എഫ്.ഐ.ആര്‍ തയാറാക്കാതിരുന്നതിനെ തുടര്‍ന്ന് അവര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ഇടപെടാന്‍ വിസമ്മതിച്ചു. പിന്നീട് സാകിയ സുപ്രീം കോടതിയില്‍ പരാതി നല്‍കി. സാകിയയുടെ പരാതി പരിശോധിക്കാന്‍ സുപ്രീം കോടതി എസ്.ഐ.ടിയോട് ആവശ്യപ്പെടുകയും ചെയ്തു. ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്കും അന്ന് മന്ത്രിയായിരുന്ന ഗോര്‍ദാന്‍ സഡാഫിയക്കുമെതിരെ അന്വേഷണം നടത്തുകയും ചെയ്തു. എന്നാല്‍, പരാതിയില്‍ പരാമര്‍ശിച്ച ആര്‍ക്കുമെതിരെ അന്വേഷണം നടത്താന് തെളിവില്ലെന്ന് എസ്.ഐ.ടി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.

2002 ഫെബ്രുവരി 27-ന് തന്റെ ഔദ്യോഗിക വസതിയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അക്രമികള്‍ക്കെതിരെ നടപടിയെടുക്കരുതെന്ന് മോദി ആവശ്യപ്പെട്ടു, രണ്ട് മന്ത്രിമാരെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ഇരുത്തി, ഗോധ്ര തീവെപ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹവുമായി പരേഡ് നടത്താന്‍ അനുവദിച്ചു, അക്രമത്തിനിടെ പൊലീസ് നിഷ്‌ക്രിയത്വം പാലിച്ചു, അക്രമത്തിനു ശേഷം പരാതി സ്വീകരിക്കാതിരുന്നതടക്കം കൃത്യ നിര്‍വഹണത്തില്‍ വീഴ്ച വരുത്തി തുടങ്ങിയവയാണ് സാകിയ ജാഫ്രിയുടെ ഹര്‍ജിയിലെ പ്രധാന ആരോപണം. ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട്, ഡി.ജി.പി ആര്‍.ബി ശ്രീകുമാറിന്റെയും രാഹുല്‍ ഷറാമിന്റെയും പ്രസ്താവനയും ഡയറിക്കുറിപ്പുകളും, അമിക്കസ് ക്യൂറിയുടെ കുറിപ്പ്, ഐ.ബിയുടെ സന്ദേശങ്ങളും ഫോണ്‍ റെക്കോര്‍ഡുകളും, തെഹല്‍കയുടെ സ്റ്റിങ് ഓപറേഷന്‍ തുടങ്ങിയ തെളിവുകള്‍ പരിഗണിച്ച് അന്വേഷണം നടത്തണമെന്നാണ് സാകിയ പരാതിയില്‍ ആവശ്യപ്പെടുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: