പിറവം: പിറവം മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന സിന്ധുമോള്‍ ജേക്കബിനെ സിപിഎമ്മില്‍ നിന്നും പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടിയാണ് നടപടി. ഉഴവൂര്‍ ലോക്കല്‍ കമ്മിറ്റിയാണ് നടപടി സ്വീകരിച്ചത്.

പാര്‍ട്ടിയോട് ആലോചിക്കാതെയാണ് സിന്ധുമോള്‍ ജേക്കബ് പിറവത്ത് കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയായതെന്ന് ഉഴവൂര്‍ ലോക്കല്‍ കമ്മിറ്റി പറയുന്നു. സിപിഎം ഉഴവൂര്‍ നോര്‍ത്ത് ബ്രാഞ്ച് അംഗമായിരുന്നു സിന്ധുമോള്‍ ജേക്കബ്.

സിന്ധുമോള്‍ ജേക്കബിന്റെ സ്ഥാനാര്‍ത്ഥിത്വം ജോസ് കെ മാണി ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

നേരത്തെ പിറവത്ത് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡന്റ് ജില്‍സ് പെരിയപുറത്തിനെ ആണ് പരിഗണിച്ചിരുന്നത്. ഇതിനിടെയാണ് ജില്‍സിനെ ഒഴിവാക്കി സിന്ധുമോളെ പിറവത്ത് സ്ഥാനാര്‍ഥിയാക്കിയത്. നടപടിയില്‍ പ്രതിഷേധിച്ച് ജില്‍സ് പാര്‍ട്ടിവിട്ടു.