ശരീരത്തിന് പ്രവര്‍ത്തിക്കാനാവശ്യമായ വെള്ളം കുറയുമ്പോഴാണ് ദാഹിക്കുന്നു എന്ന തോന്നല്‍ നമുക്കുണ്ടാകുന്നത്. ഏറെ നേരം ജോഗ് ചെയ്താലോ നീണ്ട ദൂരം നടന്നാലോ ദാഹിക്കുന്നത് സാധാരണം. ഉപ്പ് കൂടുതലുള്ള ഭക്ഷണം ദാഹം കൂട്ടും.എന്നാല്‍ കഠിന ജോലികള്‍ ഒന്നും ചെയ്യാതെതന്നെ എപ്പോഴും ദാഹം തോന്നിയാലോ, വെള്ളം കുടിച്ചാലും ഇടയ്ക്കിടെ ദാഹിക്കുന്നത് ചില ആരോഗ്യ പ്രശ്‌നങ്ങളുടെ സൂചനയാവാം.

1. പ്രമേഹം : പോളിഡിപ്‌സിയ അഥവാ അമിത ദാഹവും ഇടക്കിടെയുണ്ടാകുന്ന മൂത്രാശങ്കയും പ്രമേഹത്തിന്റെ പ്രാരംഭ ലക്ഷണങ്ങളാണ്. ദീര്‍ഘ സമയം വായ വരളുന്നതും പ്രമേഹ സൂചനയാണ്. പ്രമേഹമുണ്ടെങ്കില്‍ രക്തത്തില്‍ ഗ്ലുക്കോസിന്റെ അളവ് കൂടുകയും ഇത് കുറയ്ക്കാന്‍ വൃക്കകള്‍ക്ക് അമിതമായി ജോലി ചെയ്യേണ്ടി വരികയും ചെയ്യും. സാധാരണയെക്കാളധികം യൂറിന്‍ ഉല്‍പ്പാദിപ്പിക്കേണ്ടിയും വരും. അമിതമുള്ള ഷുഗറിനെ പുറന്തള്ളാനുള്ള ശ്രമം ഷുഗര്‍ ലെവല്‍ നോര്‍മല്‍ ആകുന്നതു വരെ തുടരുകയും ഒരാള്‍ക്ക് ദാഹം കൂടുതല്‍ തോന്നുകയും വെള്ളം ധാരാളം കുടിക്കുകയും ചെയ്യും.

2. നിര്‍ജലീകരണം : ശരീരത്തിന് ദൈനംദിന പ്രവൃത്തികള്‍ ചെയ്യാന്‍ ആവശ്യത്തിന് വെള്ളം ഇല്ലാത്ത അവസ്ഥയാണ് ഡീഹൈഡ്രേഷന്‍. ദാഹമാണ് ഇതിന്റെ പ്രധാന ലക്ഷണം. അമിതമായ വ്യായാമം, ഡയറിയ, ഓക്കാനം, ഛര്‍ദ്ദി, അമിത വിയര്‍പ്പ് ഇവ മൂലവും ഡീഹൈഡ്രേഷന്‍ ഉണ്ടാകാം. മൂത്രത്തിന്റെ നിറം കടുത്ത മഞ്ഞ ആവുക, വായുടെ വശങ്ങള്‍ വരളുക, ചര്‍മം വരളുക, തലവേദന ഇതെല്ലാം ഡീഹൈഡ്രേഷന്റെ ലക്ഷണമാകും ഇങ്ങനെയുള്ളവര്‍ ഉടന്‍തന്നെ വൈദ്യസഹായം തേടണം.

3. ഹൈപ്പര്‍ കാല്‍സീമിയ: ശരീരത്തിലെ കാല്‍സ്യത്തിന്റെ അളവ് സാധാരണയെക്കാളധികമായ അവസ്ഥ ആണിത്. ഹൈപ്പര്‍ പാരാതൈറോയ്ഡിസം, ടി.ബി, ചിലയിനം കാന്‍സറുകള്‍ എന്നിവ ഈ അവസ്ഥയ്ക്കു കാരണമാകാം. ഹൈപ്പര്‍ കാല്‍സീമിയ എന്ന അവസ്ഥ മൂലം അമിത ദാഹം മാത്രമല്ല, ഓക്കാനം, ഛര്‍ദ്ദി, മലബന്ധം, വയറുവേദന ഇടയ്ക്കിടെ മൂത്രമൊഴിക്കനുള്ള തോന്നല്‍, ക്ഷീണം, വിഷാദം ഇവയും ഉണ്ടാകാം.

4. മരുന്നുകള്‍ : ചില മരുന്നുകളുടെ പാര്‍ശ്വഫലം മൂലം ദാഹം കൂടുതല്‍ തോന്നാം. അങ്ങനെയെങ്കില്‍ ഡോക്ടറോട് ഇതേക്കുറിച്ച് സംസാരിച്ച് ഡോസ് കുറയ്ക്കുകയോ മരുന്ന് മാറ്റുകയോ ചെയ്യാം.