കോട്ടയം: കനത്ത മഴയെ തുടര്‍ന്ന് കോട്ടയം വഴി കടന്നുപോകുന്ന പത്ത് ട്രെയിനുകള്‍ റദ്ദാക്കി. പാസഞ്ചര്‍ ട്രെയിനുകളാണ് റദ്ദാക്കിയത്. മീനച്ചിലാറ്റില്‍ അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് ട്രെയിനുകള്‍ റദ്ദാക്കിയിരിക്കുന്നത്.

ഗുരുവായൂര്‍-പുനലൂര്‍, പുനലൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍, തിരുനെല്‍വേലി-പാലക്കാട്, പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ്, കോട്ടയം-എറണാകുളം, എറണാകുളം-കോട്ടയം പാസഞ്ചര്‍, കൊല്ലം-എറണാകളും മെമു, എറണാകുളം-കൊല്ലം മെമു തുടങ്ങിയ ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മറ്റു ട്രെയിനുകള്‍ വേഗത കുറച്ചാണ് കോട്ടയം വഴി കടന്നുപോവുക.