Connect with us

kerala

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

കൂടാതെ തെക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ ആ ഭാഗങ്ങളിലേക്ക് മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. 

Published

on

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. കൂടാതെ തെക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ ആ ഭാഗങ്ങളിലേക്ക് മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

കേരള തീരത്ത് നവംബർ 26 മുതൽ 28 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (24/11/2024) മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

27/11/2024 : ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം
28/11/2024 : എറണാകുളം

എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അതേസമയം ശബരിമലയിൽ ഇന്ന് നേരിയ മഴയ്ക്കോ ഇടിമിന്നലോടുകൂടിയ മഴയ്ക്കോ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആകാശം പൊതുവിൽ മേഘാവൃതമായിരിക്കും. ഇടിമിന്നലോടുകൂടി നേരിയതോ മിതമായതോ (മണിക്കൂറിൽ 1 സെ.മീ വരെ) ആയ മഴ സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.

ഇന്ന് സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിൽ 1 സെന്റീമീറ്റർ വരെ മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിങ്ങനെ ശബരിമല തീര്‍ഥാടനകേന്ദ്രത്തെ മൂന്ന് സ്റ്റേഷനുകളായി തിരിച്ചാണ് പ്രവചനം.

 

kerala

ക്യൂ ആര്‍ കോഡ് വഴി 69 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ദിയാ കൃഷ്ണയുടെ ജീവനക്കാർക്ക് മുന്‍കൂര്‍ ജാമ്യമില്ല

മൂന്ന് ജീവനക്കാരികളാണ് ഹൈക്കോടതിയെ സമീപിച്ചത്

Published

on

നടന്‍ കൃഷ്ണകുമാറിന്റെ മകളുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പു കേസില്‍ മുന്‍ ജീവനക്കാര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. മൂന്ന് ജീവനക്കാരികളാണ് ഹൈക്കോടതിയെ സമീപിച്ചത്.

നേരത്തെ, ഇവരുടെ ജാമ്യ ഹര്‍ജി കീഴ്‌ക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍കൂര്‍ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയില്‍ നിന്നും തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇവര്‍ അന്വേഷണത്തോട് സഹകരിക്കേണ്ടി വരും. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകേണ്ടി വരും. അതല്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് കടക്കേണ്ടി വരും.

തട്ടിക്കൊണ്ടുപോയെന്ന ജിവനക്കാരുടെ പരാതിയില്‍ കൃഷ്ണകുമാറിനും കുടുംബത്തിനും കോടതി ജാമ്യം അനുവദിച്ചിരുന്നു. കൃഷ്ണകുമാറിനും കുടുംബത്തിനും എതിരെ തെളിവുകള്‍ കണ്ടെത്താന്‍ ആയില്ലെന്ന് ക്രൈംബ്രാഞ്ച് കോടതി റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്.

ദിയ കൃഷ്ണന്റെ കടയിലെ ജീവനക്കാര്‍ നല്‍കിയ തട്ടികൊണ്ട് പോകല്‍ പരാതിയിലാണ് കൃഷ്ണകുമാറിനും മകള്‍ക്കും കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. തിരുവനന്തപുരത്ത് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജീവനക്കാരായ വിനീത, ദിവ്യ ഫ്രാന്‍ക്ലിന്‍, രാധ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി അന്ന് തള്ളിയത്.

Continue Reading

kerala

ഗോവിന്ദച്ചാമി 14 ദിവസം റിമാന്‍ഡില്‍; ഇന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍

സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂരിലേക്ക് മാറ്റാന്‍ ധാരണയായിട്ടുണ്ട്

Published

on

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ചാടിയ ഗോവിന്ദച്ചാമിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയെ വെള്ളിയാഴ്ച്ച വൈകിട്ട് കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്. ഗോവിന്ദച്ചാമിയെ കണ്ണൂര്‍ പള്ളിക്കുന്നിലെ സെന്‍ട്രല്‍ ജയിലില്‍ തന്നെയാണ് അടച്ചത്. സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂരിലേക്ക് മാറ്റാന്‍ ധാരണയായിട്ടുണ്ട്. സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ സംബന്ധിച്ചു ശനിയാഴ്ച്ച രാവിലെ 11 മണിക്ക് മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട് ഇതിനു ശേഷമായിരിക്കും തീരുമാനമെന്ന് അറിയുന്നു.

ഇതിനിടെ കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കെത്തിച്ചിരുന്നു. അതീവ സുരക്ഷയോടെയാണ് ഗോവിന്ദച്ചാമിയെ ജയിലില്‍ എത്തിച്ചത് അതീവ സുരക്ഷയുള്ള ജയിലില്‍ നിന്നും എങ്ങനെയാണ് ഗോവിന്ദച്ചാമി പുറത്തെത്തിയതെന്ന് അറിയുന്നതിനായാണ് വിശദമായ തെളിവെടുപ്പ് നടത്തിയത്. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി കണ്ണൂര്‍ ടൗണ്‍ പൊലീസ് കൊണ്ടുവന്നത്.

വെള്ളിയാഴ്ച്ചപുലര്‍ച്ചെ 4:30 ന്‌ശേഷമാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ഒടുവിലാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയതെന്നാണ് വിവരം. ഒന്നരമാസം കൊണ്ട് മൂര്‍ച്ചയുള്ള ആയുധം വച്ച് ജയിലഴി മുറിച്ചു. ജയില്‍ വര്‍ക്ക്‌ഷോപ്പില്‍ നിന്നാണ് ആയുധമെടുത്തതെന്നാണ് മൊഴി. മുറിച്ച പാടുകള്‍ തുണികൊണ്ട് കെട്ടി മറച്ചു. മതില്‍ ചാടാന്‍ പാല്‍പ്പാത്രങ്ങളും ഡ്രമ്മും ഉപയോഗിച്ചു. ഗുരുവായൂരിലെത്തി മോഷണമായിരുന്നു ലക്ഷ്യമെന്ന് ഗോവിന്ദച്ചാമി പൊലീസിന് മൊഴി നല്‍കി. ജയിലില്‍ ഗുരുതര വീഴ്ച്ചയുണ്ടായെന്നാണ് കണ്ടെത്തല്‍. ജയിലിലെ ഗുരുതര സുരക്ഷാ വീഴ്ചയില്‍ നാല് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തിട്ടുണ്ട്.

സെല്ലിന്റെ അഴി മുറിച്ച് ഏഴരമീറ്റര്‍ ഉയരമുള്ള മതിലും ചാടി ഒറ്റക്കയ്യന്‍ കൊലയാളി രക്ഷപെട്ടിട്ടും അധികൃതര്‍ അറിഞ്ഞത് മണിക്കൂറുകള്‍ വൈകിയാണ്. രാവിലത്തെ പരിശോധനയില്‍ തടവുകാരെല്ലാം അഴിക്കുള്ളില്‍ ഉണ്ടെന്ന് ഗാര്‍ഡ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മതിലിലെ തുണി കണ്ടശേഷമാണ് ജയില്‍ ചാടിയെന്നറിഞ്ഞത്. വീണ്ടും പരിശോധിച്ചപ്പോഴാണ് ഗോവിന്ദച്ചാമിയാണ് രക്ഷപ്പെട്ടതെന്ന് അറിഞ്ഞത്.

Continue Reading

kerala

ശക്തമായ മഴ; കോട്ടയം ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്

Published

on

കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Continue Reading

Trending