തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരും. ഇന്ന് എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലെര്‍ട് പ്രഖ്യാപിച്ചു. നാളെ തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും മറ്റന്നാള്‍ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഓറഞ്ച് അലെര്‍ട്ടാണ്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍വരെ മഴ ലഭിക്കുന്നതാണ് ഓറഞ്ച് അലെര്‍ട്. ഇന്ന് ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലെര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും മറ്റന്നാള്‍ കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലെര്‍ട്ടാണ്.

അതെസമയം സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ റവന്യൂ, പോലീസ്, തദ്ദേശസ്ഥാപന വകുപ്പ്, അഗ്‌നിരക്ഷാ സേന, ഫിഷറീസ് വകുപ്പ്, തീരദേശ പോലീസ്, ജലസേചന വകുപ്പ്, വൈദ്യുതി വകുപ്പ് തുടങ്ങിയവര്‍ക്കുള്ള പ്രത്യേക നിര്‍ദേശം നല്‍കി. ഏത് അടിയന്തിരസാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. കനത്ത മഴയില്‍ മണ്ണിടിച്ചില്‍ ഉള്‍പ്പെടെ സംഭവിക്കാന്‍ സാധ്യതയുളളതിനാല്‍ അത്തരം സാഹചര്യം നേരിടുന്നതിന് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരം എല്ലാ പോലീസ് സ്‌റ്റേഷനുകളിലും ദുരന്തനിവാരണ സംഘങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. അടിയന്തിര രക്ഷാപ്രവര്‍ത്തനത്തിനായി ജെ.സി.ബി, ബോട്ടുകള്‍ എന്നിവ ഉള്‍പ്പെടെയുളള സംവിധാനങ്ങള്‍ ക്രമീകരിക്കും. സംസ്ഥാനത്തെ എല്ലാ കോസ്റ്റല്‍ പോലീസ് സ്‌റ്റേഷനുകള്‍ക്കും പ്രത്യേക ജാഗ്രതാനിര്‍ദ്ദേശം നല്‍കി.