ഝാര്‍ഖണ്ഡ്: ആര്‍എസ്എസിനെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് സാമ്പത്തിക ശാസ്ത്രജ്ഞന്റെ പ്രസംഗം ബി.ജെ.പി മന്ത്രി തടസ്സപ്പെടുത്തി. വികസന സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജീന്‍ ഡ്രെസിയുടെ പ്രസംഗം ഝാര്‍ഖണ്ഡ് കാര്‍ഷിക മന്ത്രി രന്ദീര്‍ കുമാര്‍ സിങ് ജീന്‍ ഡ്രെസിയുടെ പ്രസംഗം തടസ്സപ്പെടുത്തിയത്. റാഞ്ചിയില്‍ ഒരു ഹിന്ദി പത്രം സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കാനെത്തിയതായിരുന്നു ജീന്‍ ഡ്രെസി. എന്നാല്‍ പ്രസംഗത്തിനിടെ ആര്‍.എസ്.എസിനെ വിമര്‍ശിച്ചു തുടങ്ങിയ ശാസ്ത്രജ്ഞനെ തിരുത്താന്‍ ശ്രമിച്ച മന്ത്രി, പിന്നീട് പ്രസംഗം തന്നെ തടസ്സപ്പെടുത്തുകയായിരുന്നു. മന്ത്രിയുടെ അപ്രതീക്ഷിത ഇടപടലിനെ തുടര്‍ന്ന് ശാസ്ത്രജ്ഞന്‍ പ്രസംഗം പൂര്‍ത്തിയാക്കാതെ ഇറങ്ങിപ്പോയി.

ആദിവാസികളിലെ മതപരിവര്‍ത്തനം ചോദ്യം ചെയ്യുന്ന സര്‍ക്കാര്‍ പരസ്യത്തില്‍ ഉള്‍പ്പെടുത്തിയ മഹാത്മാ ഗാന്ധിയുടെ പ്രസ്താവനയെ ജീന്‍ ഡ്രെസി ചോദ്യം ചെയ്തതാണ് ബി.ജെ.പി മന്ത്രിയെ ചൊടിപ്പിച്ചത്. ആര്‍.എസ്.എസിന്റെ അജണ്ടകളെ മഹാത്മാ ഗാന്ധിയുടേതാക്കി ചിത്രികരിച്ചതിനെയാണ് യുവ ശാസത്രജ്ഞന്‍ ചോദ്യം ചെയ്തത്.

ഇന്ത്യയിലെ ആദിവാസികളെ ക്രിസ്ത്യന്‍ മിഷിനറികള്‍ മതപരിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുന്നത് ചോദ്യം ചെയ്യുന്ന സര്‍ക്കാര്‍ പരസ്യത്തില്‍ ഉപയോഗിച്ച മഹാത്മാ ഗാന്ധിയുടെ പ്രസ്താവനയുടെ ആധികാരികതയാണ് ജീന്‍ ഡ്രെസി ചോദ്യം ചെയ്തത്.

പ്രസംഗത്തില്‍ ആര്‍എസ്എസിനെ ചോദ്യം ചെയ്തു തുടങ്ങിയിപ്പോഴേക്കും സദസില്‍ നിന്നും എതിര്‍പ്പ് ഉയര്‍ന്നിരുന്നു. എന്നാല്‍ പ്രസംഗം തുടര്‍ന്ന ജീന്‍ ഡ്രെസി, ആര്‍.എസ്.എസിന്റെ ചിന്തകളെ സര്‍ക്കാര്‍ മഹാത്മാഗാന്ധിയുടേതാക്കി ചിത്രീകരിക്കുകയാണെന്നും പറഞ്ഞു. സര്‍ക്കാരുകളുടെ ഇത്തരം പ്രവര്‍ത്തനം സമുദായങ്ങള്‍ തമ്മില്‍ വിരോധം ഉണ്ടാക്കുന്നതിന് കാരണമാകുമെന്നും ഇത് രാജ്യത്ത് വര്‍ഗീയത പടര്‍ത്തുമെന്നും യുവ ശാസ്ത്രജ്ഞന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അപ്പോഴേക്കും മന്ത്രി പ്രസംഗ പീഠത്തില്‍ കേറി തടസ്സപ്പെടുത്തുകയായിരുന്നു.

ഈ സമയത്ത് കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍ സിങ്് അടക്കം മറ്റു മന്ത്രിമാരും സദസ്സിലുണ്ടായിരുന്നു. സംഘപരവാറിനെ കുറിച്ച് താങ്കള്‍ക്ക് എന്തറിയാമെന്നും മാപ്പു പറഞ്ഞതിന് ശേഷം പ്രസംഗം തുടര്‍ന്നാല്‍ മതിയെന്നും വരെ മന്ത്രി പറഞ്ഞു. ഇതോടെ പ്രസംഗം നിര്‍ത്തി ജീന്‍ സീറ്റിലേക്ക് മടങ്ങുകയായിരുന്നു. നേരത്തെ പൊതു സ്ഥലത്ത മൂത്രമൊഴിച്ച് വിവാദത്തിലായ ആളാണ് കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍ സിങ്.

അതേസമയം ജീന്‍ ഡ്രെസിക്ക് പിന്തുണയുമായി നിരവധി സാമൂഹ്യപ്രവര്‍ത്തകര്‍ രംഗത്തെത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് ഝാര്‍ഖണ്ഡ് രാജ്ഭവന് മുന്നിലേക്ക് സാമൂഹ്യപ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. രാജ്യത്ത് നിലനില്‍ക്കുന്ന അസഹിഷ്ണുതയുടെ പ്രതിഫലനമാണ് പ്രസംഗം തടസപ്പെടുത്തലെന്ന്് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി.