കൊച്ചി: ക്യാമ്പസ് രാഷ്ട്രീയത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ക്യാമ്പസ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്ന് ഹൈക്കോടതി പറഞ്ഞു. എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകം ഇതിന്റെ പരിണിത ഫലമാണെന്നും കോടതി നിരീക്ഷിച്ചു. കലാലയ രാഷ്ട്രീയം നിരോധിക്കണമെന്ന ഹര്‍ജിയിലാണ് കോടതി പരാമര്‍ശം. അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമല്ലെന്നും കോടതി പറഞ്ഞു.

കലാലയങ്ങളില്‍ കൊലപാതകങ്ങള്‍ അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. രാഷ്ട്രീയം വിദ്യാര്‍ത്ഥികളില്‍ അടിച്ചേല്‍പ്പിക്കാന്‍ പാടില്ലന്നും ഇനിയൊരു ജീവന്‍ കൂടി ക്യാമ്പസ് രാഷ്ട്രീയം മൂലം നഷ്ടമാകരുതെന്നും കോടതി പറഞ്ഞു. 2001- ലെ വിധിക്ക് ശേഷം സര്‍ക്കാരുകള്‍ എന്തു ചെയ്‌തെന്നും കോടതി ചോദിച്ചു. കലാലയ രാഷ്ട്രീയം സംബന്ധിച്ച് നല്‍കിയ ഉറപ്പ് പാലിക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ലെന്നും കോടതി പറഞ്ഞു.

അതേസമയം, അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണെന്നും അതിനെ മുന്‍ നിര്‍ത്തി കോടതി പൊതുനിലപാട് കൈക്കൊള്ളരുതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമല്ലെന്ന് പറഞ്ഞ് കോടതി സര്‍ക്കാര്‍ വാദത്തെ തള്ളി.

സര്‍ക്കാര്‍ കോളേജില്‍ കൊലപാതകം നടന്നത് ദുഃഖകരമാണെന്നു പറഞ്ഞ കോടതി ക്യാമ്പസുകളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ അനുവദിക്കരുതെന്നും പറഞ്ഞു. കലാലയങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമുള്ളതല്ലെന്നും കോടതി വ്യക്തമാക്കി. ആശയ പ്രചരണമാകാം എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ചട്ടുകമാകരുത് വിദ്യാര്‍ത്ഥി സംഘടനകളെന്നും കോടതി പറഞ്ഞു. കലാലയങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം, മറുപടി നല്‍കാന്‍ സര്‍ക്കാര്‍ മൂന്നാഴ്ച്ച സമയം ചോദിച്ചു.