തിരുവനന്തപുരം: ഹയര്‍സെക്കന്ററി പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നു. ബുധനാഴ്ച നടന്ന ഫിസിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോര്‍ന്നത്. ചോദ്യപേപ്പര്‍ വാട്‌സ്ആപ്പ് വഴി പ്രചരിച്ചുവെന്ന പരാതിയില്‍ സൈബര്‍ സെല്‍ കേസെടുത്തു.

ചോദ്യം ചോര്‍ന്നിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ പരീക്ഷ വീണ്ടും നടത്തുമെന്നാണ് വിവരം. ഇതുസംബന്ധിച്ച തീരുമാനം അടുത്ത ദിവസം തന്നെയുണ്ടാകുമെന്നാണ് വിവരം. ബുധനാഴ്ച ഫിസിക്‌സ് പരീക്ഷ തുടങ്ങുന്നതിന് മുമ്പു തന്നെ ചോദ്യപേപ്പറുകള്‍ വാട്‌സ്ആപ്പ് വഴി പ്രചരിച്ചിരുന്നു.

തൃശൂര്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ക്ക് ഇത്തരത്തില്‍ ചോദ്യപേപ്പര്‍ ലഭിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ചോദ്യങ്ങള്‍ കൈപ്പടയില്‍ പകര്‍ത്തി എഴുതിയ നിലയിലായിരുന്നു. ഇക്കാര്യം കോ-ഓര്‍ഡിനേറ്റര്‍ ഉടന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.

മോഡല്‍ പരീക്ഷക്കായി ചില സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ ചോദ്യം ഉപയോഗിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് വന്ന സാഹചര്യത്തില്‍ ഹയര്‍സെക്കന്ററി ഡയറക്ടര്‍ പരാതിയുമായി പൊലീസ് മേധാവിയെ സമീപിച്ചു. തുടര്‍ന്ന് പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിലെ ചിലരെ ചോദ്യം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.