ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ തടവു ശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗദാ മേധാവി ഗുര്‍മീത് സിങും ദത്തുപുത്രി ഹണിപ്രീത് കൗറിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഹണിപ്രീതിന്റെ മുന്‍ ഭര്‍ത്താവ് വിശ്വാസ് ഗുപ്ത രംഗത്ത്. ഗുര്‍മീത് സിങ്ങ് ഹണിപ്രീതിനെ നിയമപരമായി ദത്തെടുത്തിട്ടില്ലെന്നും ഇരുവരും തമ്മില്‍ പിതാവും പുത്രിയും തമ്മിലുള്ള ബന്ധമായിരുന്നില്ലെന്നും വിശ്വാസ് പറഞ്ഞു. ന്യൂഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇരുവരും തമ്മിലുള്ള ബന്ധം കണ്ടുപിടിച്ച തന്നെ കൊലപ്പെടുത്താന്‍ ഗുര്‍മീത് പദ്ധതിയിട്ടിരുന്നതായി വിശ്വാസ് ഗുപ്ത പറഞ്ഞു.
ഗുര്‍മീത് തന്റെ കുപ്രസിദ്ധമായ തവാളത്തിനുള്ളില്‍ ബിഗ് ബോസിനു സമാനമായ ഗെയിം നടത്താന്‍ പദ്ധതിയിട്ടിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. ഇതിനായി ആറു ദമ്പതികളെ 28 ദിവസം ഒന്നിച്ച് പാര്‍പ്പിച്ചു. യാത്രയില്‍ ആയുധങ്ങളടക്കിയ പെട്ടി എപ്പോഴും ഗുര്‍മീത് കാറില്‍ സൂക്ഷിച്ചിരുന്നു. ഗുര്‍മീതിന്റെ ക്രമിനില്‍ ബുദ്ധി എത്രത്തോളമുണ്ടെന്ന് കണ്ടെത്താന്‍ ഇതു തെളിയിക്കുമെന്നും ഗുപ്ത പറഞ്ഞു.
ജയിലിലേക്ക് തനിക്കൊപ്പം ദത്തുപുത്രി ഹണിപ്രീതിനെയും അയക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ജയിലില്‍ കഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഹണിപ്രീതും അഭിഭാഷകന്‍ മുഖേന അപേക്ഷ നല്‍കിയെങ്കിലും കോടതി തള്ളിയിരുന്നു.