Health
കേള്‍വിക്കുറവ് എങ്ങിനെയുണ്ടാകുന്നു; അതിജീവിക്കാന്‍ സാധിക്കുമോ?
ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം 250 കോടി ജനങ്ങളാണ് കേള്‍വി തകരാര്‍ മൂലം കഷ്ടപ്പെടുന്നത്. അതായത് ലോക ജനസംഖ്യയുടെ നാലില്‍ ഒരാള്‍ക്ക് കേള്‍വി തകരാറുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം 250 കോടി ജനങ്ങളാണ് കേള്‍വി തകരാര്‍ മൂലം കഷ്ടപ്പെടുന്നത്. അതായത് ലോക ജനസംഖ്യയുടെ നാലില്‍ ഒരാള്‍ക്ക് കേള്‍വി തകരാറുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ട് തന്നെ അതീവ ഗൗരവതരമായ സാമൂഹിക അവസ്ഥയാണ് കേള്‍വിക്കുറവ് എന്ന് കണക്കാക്കാം. പഠന സംബന്ധമായ ബുദ്ധിമുട്ടുകള്‍, തൊഴില്‍പരമായ തടസ്സങ്ങള്‍, ഒറ്റപ്പെടല്‍ തുടങ്ങി അനേകം പ്രത്യാഘാതങ്ങളെയാണ് കേള്‍വിക്കുറവ് അനുഭവിക്കുന്നവര്‍ അഭിമുഖീകരിക്കേണ്ടി വരുന്നത്. ഇത്തരം സാഹചര്യത്തിലാണ് കേള്‍വിക്കുറവിനെ കുറിച്ച് ലോകവ്യാപകമായി ബോധവത്കരണം നടത്തുവാനും ഈ സാഹചര്യത്തെ അതിജീവിക്കാന്‍ സഹായകരമാകുന്ന ഇടപെടലുകള്‍ നടത്താനുമായി ലോകാരോഗ്യ സംഘടന എല്ലാവര്‍ഷവും മാര്‍ച്ച് 3ാം തിയ്യതി ലോക കേള്‍വിദിനമായി പ്രഖ്യാപിച്ചത്.
എങ്ങിനെയാണ് നമ്മള് കേള്‍ക്കുന്നത്?
ശബ്ദം കേള്‍ക്കുക, തിരിച്ചറിയുക എന്നിവ വളരെ സങ്കീര്‍ണ്ണമായ പ്രക്രിയയാണ്. ചെവിയില്‍ പ്രവേശിക്കുന്ന ശബ്ദം ചെവിയിലൂടെ കോക്ലിയ എന്ന ഭാഗത്താണ് ശബ്ദം എത്തിച്ചേരുന്നത്. ഇവിടെ നിന്നുള്ള ഞരമ്പുകളിലൂടെ തലച്ചോറിലെ കേള്‍വിടുടെ ഭാഗത്തെത്തിച്ചേരുകയും കേള്‍വി യാഥാര്‍ത്ഥ്യമാവുകയും ചെയ്യുന്നു.കേള്‍വി സംബന്ധമായ തകരാറുകളെ പ്രധാനമായും രണ്ടായി വിഭജിച്ചിരിക്കുന്നു. കോക്ലിയയില്‍ പ്രവേശിക്കുന്നത് വരെയുള്ള വഴിയിലെവിടെയെങ്കിലും തടസ്സമുണ്ടായാല്‍ സ്വാഭാവികമായും കേള്‍വിത്തകരാറുണ്ടാകും. ഇതിനെ കണ്ടക്റ്റീവ് ഹിയറിങ്ങ് ലോസ്സ് എന്നാണ് വിളിക്കുന്നത്. അതുപോലെ തന്നെ കോക്ലിയയിലെ തകരാറുകള്‍ മൂലമോ, കോക്ലിയയില്‍ നിന്നുള്ള ഞരമ്പ് തലച്ചോറിലെത്തുന്നതിനിടയിലുണ്ടാകുന്ന തകരാറുകള്‍ മൂലമോ കേള്‍വിത്തകരാറുണ്ടാകാം. ഇതിനെ സെന്‍സറി ന്യൂറല്‍ ഹിയറിങ്ങ് ലോസ്സ് എന്നാണ് പറയുന്നത്.
കണ്ടകറ്റീവ്് ഹിയറിംഗ് ലോസ്സ്.
ചെവിയില്‍ ചെപ്പി എന്ന് വിശേഷിപ്പിക്കുന്ന വാക്സ് അടിഞ്ഞ് കൂടിയാല്‍ കേള്‍വിത്തകരാര്‍ സംഭവിക്കാറുണ്ട്. അതുപോലെ ചെവിയിലെ പാടയില്‍ ദ്വാരം വീഴുക, കുട്ടികളില്‍ പാടയ്ക്കുള്ളില്‍ നീര് നിറയുക തുടങ്ങിയവയെല്ലാം കണ്ടക്റ്റീവ്് ഹിയറിംഗ് ലോസ്സിനുള്ള കാരണങ്ങളാണ്. കേള്‍വിക്കുറവുണ്ട് എ്ന്ന് തിരിച്ചറിയലാണ് ഇതില്‍ ഏറ്റവും പ്രധാനം. കുട്ടികളിലെ ശ്രദ്ധക്കുറവ് ഇതിന് വലിയ ഉദാഹരണമാണ്. സ്കൂളില്‍ നിന്നും മറ്റും അദ്ധ്യാപകര്‍ വിളിച്ചാല്‍ ശ്രദ്ധിക്കാതിരിക്കുക, പഠിപ്പിക്കുന്നതില്‍ ശ്രദ്ധിക്കാതിരിക്കുക, മാതാപിതാക്കളോ മറ്റുള്ളവരോ വിളിച്ചാലും മറ്റും ശ്രദ്ധിക്കാതിരിക്കുക, പാടയില്‍ നിന്ന് സ്രവം ഒലിക്കുക തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളായിരിക്കാം.
രോഗം സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ അടുത്ത ഘട്ടം ചികിത്സയാണ്. ചില അവസ്ഥകള്‍ മരുന്ന് ഉപയോഗിച്ച് തന്നെ ഭേദമാക്കുവാന്‍ സാധിക്കും. എന്നാല്‍ മരുന്ന് ഉപയോഗിച്ച് ഭേദമാക്കാന്‍ സാധിക്കാത്ത സാഹചര്യങ്ങളില്‍ ചിലപ്പോള്‍ ശസ്ത്രക്രിയ ആവശ്യമായി വരും. നേരത്തെ തന്നെ ചികിത്സിക്കുക എന്നത് ഇതില്‍ പ്രധാനമാണ്. പലപ്പോഴും പാടയില്‍ ദ്വാരം ശ്രദ്ധയില്‍ പെട്ടാലും പെട്ടെന്ന് കേള്‍വി തകരാര്‍ സംഭവിച്ചു എന്ന് വരില്ല. അതുകൊണ്ട് തന്നെ കൂടുതല്‍ പേരും ചികിത്സിക്കാതെ മുന്‍പിലേക്ക് പോവുകയും ചെയ്യും. പിന്നീട് ഒരു നിശ്ചിത കാലം കഴിഞ്ഞാലാണ് കേള്‍വി നഷ്ടപ്പെടുന്ന അവസ്ഥ സംജാതമാവുക. അപ്പോഴേക്കും മരുന്ന് ഉപയോഗിച്ചോ ശസ്ത്രക്രിയയിലൂടെയോ പൂര്‍ണ്ണമായി ഭേദമാക്കാന്‍ സാധിക്കുന്ന അവസ്ഥ പിന്നിട്ട് കഴിഞ്ഞിട്ടുണ്ടാകും. അതിനാല്‍ തന്നെ അസുഖം ശ്രദ്ധയില്‍പെട്ടാല്‍ എത്രയും പെട്ടെന്ന് ചികിത്സ നിര്‍വ്വഹിക്കുക എന്നത് പരമപ്രധാനമാണ്.
സെന്സറിന്യൂറല് ഹിയറിംഗ് ലോസ്സ്
കുട്ടികളില്‍ ജന്മനാ തന്നെ കാണപ്പെടുന്ന കേള്‍വിത്തകാറുകള്‍ കൂടുതലും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവയായിരിക്കും. ജനിച്ച ഉടനെ തന്നെ കുഞ്ഞുങ്ങളിലെ കേള്‍വിശേഷി പരിശോധിക്കേണ്ടത് നിര്‍ബന്ധമാണ്. ഇങ്ങനെ നേരത്തെ തന്നെ കേള്‍വിക്കുറവ് ശ്രദ്ധയില്‍ പെട്ടാല്‍ അതിനാവശ്യമായ ചികിത്സകള്‍ സ്വീകരിക്കാന്‍ സാധിക്കും. മരുന്ന് ഉപയോഗിച്ച് ചികിത്സിക്കുക, ശ്രവണ സഹായികള്‍ ഉപയോഗിക്കുക, കോക്ലിയാര്‍ ഇംപ്ലാന്റ് നിര്‍വ്വഹിക്കുക മുതലായവയെല്ലാം ഇതിന് സഹായകരമാണ്. ചെറുപ്പത്തിലേ നിര്‍വ്വഹിച്ചാല്‍ സംസാര ശേഷി സ്ഫുടമായിരിക്കുവാനും, കുഞ്ഞിന്റെ ഭാവി തന്നെ സംരക്ഷിക്കുവാനും സാധിക്കും.
ചിലരില്‍ അണുബാധകള്‍ മൂലം കേള്‍വി സംബന്ധമായ തകരാറുകള്‍ സംഭവിക്കാറുണ്ട്. ഇതും സെന്സറിന്യൂറല് ഹിയറിംഗ് ലോസ്സിലാണ് കൂടുതലായും ഉള്‍പ്പെടുന്നത്. കുഞ്ഞുങ്ങള്‍ക്കായി നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന എല്ലാ വാക്സിനുകളും നിര്‍ബന്ധമായും സ്വീകരിക്കുക എന്നതാണ് ഇതിനുള്ള പ്രധാന പ്രതിവിധി. ചെവിയിലെ അസുഖങ്ങള്‍ക്ക് ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ സ്വയം മരുന്നുകള്‍ വാങ്ങി ഉപയോഗിക്കുന്ന പതിവും ഈ അവസ്ഥയ്ക്ക് കാരണമാകുന്നു. ഇങ്ങനെ ഉപയോഗിക്കുന്ന മരുന്നുകളില്‍ പലതും തെറ്റായ സാഹചര്യങ്ങളില്‍ ഉപയോഗിക്കപ്പെടുന്നത് മൂലം കേള്‍വിത്തകരാര്‍ സംഭവിക്കും. ശബ്ദമലിനീകരണം കേള്‍വിത്തകരാറിനിടയാക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണ്. സ്ഥിരമായി അമിത ശബ്ദം കേള്‍ക്കുക, ഇയര്‍ ഫോണ്‍ കൂടുതലായി ഉപയോഗിക്കുക എന്നിവയെല്ലാം ഇതിന് കാരണമാണ്. ഇത്തരത്തിലുള്ള സാഹചര്യങ്ങളെ ഒഴിവാക്കുക എന്നതാണ് ഇത്തരത്തിലുള്ള കേള്‍വിത്തകരാറുണ്ടാകുന്നതിനെ അതിജീവിക്കാനുള്ള എളുപ്പവഴി.
നമ്മുടെ മനസ്സിലെ ആശയങ്ങള്‍ മറ്റൊരാളുമായി സംവേദനം ചെയ്യുവാനുള്ള ഉപാധിയാണ് ശബ്ദവും കേള്‍വിയും. ഇത് നഷ്ടപ്പെടുന്ന അവസ്ഥ അത്രത്തോളം വേദനാജനകമാണെന്നത് പറഞ്ഞറിയിക്കുവാന്‍ സാധിക്കില്ല. ഇത്രയും പ്രധാനപ്പെട്ടതായിട്ട് പോലും നമ്മുടെ ഭാഗത്ത് നിന്നുള്ള അശ്രദ്ധകൊണ്ട് മാത്രം പലപ്പോഴും വലിയ വിപത്ത് സംഭവിക്കുന്നു. അതുകൊണ്ട് തന്നെ പരമാവധി ശ്രദ്ധ പുലര്‍ത്തുവാനും മുന്‍കരുതലുകള്‍ സ്വീകരിക്കാനും, ചെറിയ ലക്ഷണങ്ങളെ പോലും അവഗണിക്കാതെ ചികിത്സ തേടാനും ശ്രമിക്കണം. Care better for hearing better എന്നത് എല്ലായ്പ്പോഴും ഓര്‍മ്മിക്കുക.
Health
ചൈനയില്‍ വീണ്ടും പകര്‍ച്ചവ്യാധി വ്യാപിക്കുന്നുവോ?, ആശുപത്രികള്‍ രോഗികളാല്‍ തിങ്ങിനിറയുന്നു, ആശങ്കയോടെ ലോകം
രാജ്യത്തുടനീളം ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ പറയുന്നു

കോവിഡ് മഹാമാരി സ്ഥിരീകരിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കുന്നതിനിടെ ചൈനയില്‍ വീണ്ടും ആശങ്ക പരത്തി പുതിയ പകര്‍ച്ചവ്യാധി വ്യാപിക്കുന്നു. രാജ്യത്തുടനീളം ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ പറയുന്നു. ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ്, ഇന്‍ഫ്ലുവന്‍സ എ, കോവിഡ്19 വൈറസുകള്‍ എന്നിങ്ങനെ ഒന്നിലധികം വൈറസ് ബാധകള്‍ ചൈനയിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
പുതിയ വൈറസ് വ്യാപിച്ചതിനെ തുടര്‍ന്ന് മരണസംഖ്യ വര്‍ധിച്ചിരിക്കുകയാണ്. അതേസമയം പുതിയ മഹാമാരി സ്ഥിരീകരിക്കുകയോ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുകയോ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയൊ ചൈനീസ് ആരോഗ്യ അധികാരികളും ലോകാരോഗ്യ സംഘടനയും ചെയ്തിട്ടില്ല. ചൈനയിലേതാണെന്ന അടിക്കുറിപ്പോടെ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയില്‍ ഒരു ആശുപത്രിയില്‍ മാസ്ക് ധരിച്ച രോഗികള്‍ തിങ്ങിനിറഞ്ഞിരിക്കുന്നത് കാണാം. ചിലര്‍ ചുമയ്ക്കുന്നുമുണ്ട്. എന്നാല്‍ ചിത്രീകരണത്തിന്റെ ഉറവിടമൊ തിയതിയോ വ്യക്തമല്ല. മറ്റൊരു വീഡിയോയില്‍ ആശുപത്രിയിലെ ഇടനാഴി മുഴുവന്‍ മുതിര്‍ന്ന ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. 12 മില്യണ്‍ പേരാണ് ഈ വീഡിയേ കണ്ടിരിക്കുന്നത്. ”ഇന്‍ഫ്ലുവന്‍സ എ, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് എന്നീ വൈറസുകളുടെ വ്യാപനത്തെ തുടര്‍ന്ന് ചൈനയിലെ ആശുപത്രികള്‍ നിറഞ്ഞിരിക്കുന്നു. മൂന്ന് വര്‍ഷം മുന്‍പത്തെ ചൈനയിലെ കോവിഡ് കാലത്തെയാണ് ഇത് സൂചിപ്പിക്കുന്നത്” എന്ന് പോസ്റ്റില്‍ പറയുന്നു.
ഉറവിടം വ്യക്തമല്ലാത്ത ന്യുമോണിയ കേസുകള്‍ നിരീക്ഷിച്ചു വരിയാണെന്നാണ് ചൈനയുടെ രോഗ നിയന്ത്രണ അതോറിറ്റി റോയിട്ടേഴ്സിനോട് വ്യക്തമാക്കി. നാഷണല്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ അഡ്മിനിസ്ട്രേഷന് ലബോറട്ടറികള്‍ക്ക് കേസുകള്‍ പരിശോധിക്കാനും സ്ഥിരീകരിക്കാനുമുള്ള ചട്ടവും മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും നിര്‍ദേശം നല്‍കിയതായും അധികൃതര്‍ വ്യക്തമാക്കി.
അക്യൂട്ട് റെസ്പിറേറ്ററി രോഗങ്ങളുടെ ഡാറ്റ ഡിസംബര്‍ 16 മുതല്‍ 22 വരെയുള്ള വാരത്തില്‍ അണുബാധകളുടെ വര്‍ധനവ് കാണിക്കുന്നതായി വ്യാഴാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ നല്‍കിയിട്ടുണ്ട്. ശൈത്യകാലത്തും വസന്തകാലത്തും ചൈനയെ വിവിധ ശ്വാസകോശ സംബന്ധമായ പകര്‍ച്ചവ്യാധികള്‍ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് മറ്റൊരു ഉദ്യോഗസ്ഥനായ കന് ബിയാവോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അടുത്തിടെ കണ്ടെത്തിയ കേസുകളില്‍ റിനോവൈറസ്, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് തുടങ്ങിയ രോഗാണുക്കളും ഉള്‍പ്പെടുന്നു. പ്രത്യേകിച്ച് വടക്കന്‍ പ്രവിശ്യകളില്‍ 14 വയസിന് താഴെയുള്ളവരില്‍ ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് കേസുകള്‍ വര്‍ധിച്ചിട്ടുണ്ട്. ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് ബാധിച്ചവര്‍ക്ക് ആന്റിവൈറല്‍ മരുന്നുകള്‍ നല്‍കുന്നതിനെതിരെ ഷാങ്ഹായ് ആശുപത്രിയിലെ ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (HMPV) സാധാരണയായി ജലദോഷത്തിന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്ന ഒരു വൈറസാണ്. ചെറിയ കുട്ടികള്‍, പ്രായമായവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരില്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തുവരുന്ന സ്രവങ്ങളിലൂടെ പടരുന്നതിനാല്‍ പെട്ടെന്ന് രോഗം പകരാനുള്ള സാധ്യത കൂടും. രോഗബാധിതരുമായുള്ള അടുത്ത സമ്പര്‍ക്കം മൂലവും രോഗം പകരാം. ചുമ, പനി, ശ്വാസം മുട്ടല്‍ തുടങ്ങിയവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍. എച്ച്എംപിവിക്കെതിരെ വാക്സിന് ലഭ്യമല്ല. നിലവില്‍ രോഗലക്ഷണങ്ങള്‍ കുറയ്ക്കാനുള്ള ചികില്‍സയാണ് നല്കി വരുന്നത്.
Health
‘പനിക്ക് സ്വയം ചികിത്സ തേടരുത്’: ആരോഗ്യമന്ത്രി
സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്കെതിരെ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: ഏത് പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ പനിക്ക് സ്വയം ചികിത്സ തേടരുതെന്ന് മന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്കെതിരെ ജാഗ്രത പാലിക്കണം. പ്രാരംഭ ഘട്ടത്തില്‍ ചികിത്സിക്കാത്തത് കൊണ്ടാണ് എലിപ്പനി മരണങ്ങള് പലപ്പോഴും ഉണ്ടാകുന്നത്.
എലിപ്പനി സാധ്യതയുള്ളവര്‍ക്ക് പ്രോട്ടോകോള്‍ അനുസരിച്ചുള്ള ചികിത്സ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ ഉറപ്പാക്കണം. മലിന ജലത്തിലിറങ്ങിയവരില്‍ ഡോക്സിസൈക്ലിന്‍ കഴിക്കാത്തവരില്‍ മരണനിരക്ക് കൂടുതലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ മലിന ജലത്തിലിറങ്ങിയവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണം.
കൈകാലുകളില്‍ മുറിവുകളുള്ളവര്‍ മലിനജലവുമായി സമ്പര്‍ക്കം വരാതെ നോക്കുകയോ, വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്യണം. കൊതുകിന്റെ ഉറവിട നശീകരണം പ്രത്യേകം ശ്രദ്ധിക്കാനും മന്ത്രി നിര്‍ദേശം നല്കി.
Health
ഇരുപതുകാരനില്‍ ഡെങ്കിപ്പനിയുടെ അപൂര്‍വ്വ വകഭേദം
ഒരാഴ്ചയോളം തുടര്‍ന്ന പനിയും പേശിവേദനയുമായാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഡെങ്കിപ്പനിയുടെ അപൂര്‍വ്വ വകഭേദം കണ്ടെത്തിയതായി കോലഞ്ചേരി മെഡിക്കല്‍ കോളജ്. ചികിത്സയ്ക്കുവെണ്ടി എത്തിയ ഇരുപത് വയസ്സുകാരനിലാണ് വകഭേദം കണ്ടെത്തിയത്.
ഒരാഴ്ചയോളം തുടര്‍ന്ന പനിയും പേശിവേദനയുമായാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സാധാരണ ഒരാഴ്ചയ്ക്കപ്പുറം ഡെങ്കിപ്പനി നീണ്ടുനില്‍ക്കാറില്ല. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും ശക്തമായ പനി തുടര്‍ന്നതിനാല്‍ രോഗിയെ മറ്റു പരിശോധനകള്‍ക്ക് വിധേയമാക്കി. പല അവയവങ്ങളെയും ഒരേസമയം ബാധിക്കുന്ന നീര്‍ക്കെട്ട് രോഗിക്കുള്ളതായി പരിശോധനയിലൂടെ കണ്ടെത്തി.
തുടര്‍ന്നുള്ള പരിശോധനകളില്‍ രോഗിക്ക് ഡെങ്കിപ്പനിയുടെ അപൂര്‍വ്വ രോഗാവസ്ഥയായ എച്ച്എല്‍എച്ച് സിന്‍ഡ്രോം(ഹീമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോസൈറ്റോസിസ്) ഉണ്ടെന്ന് സ്ഥിരീകരിച്ചു. ചികിത്സ പൂര്‍ത്തിയാക്കി രോഗി ആശുപത്രി വിട്ടതായും കോലഞ്ചേരി മെഡിക്കല്‍ കോളജ് പറഞ്ഞു. എച്ച്എല്‍എച്ച് സിന്‍ഡ്രോം ഡെങ്കിപ്പനിയില്‍ വളരെ അപൂര്‍വ്വമായേ കാണാറുള്ളൂവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
-
india2 days ago
നിമിഷപ്രിയ കേസ്: ‘മധ്യസ്ഥതയുടെ പേരില്‍ സാമുവല്‍ ജെറോം വ്യാപകമായി പണം പിരിച്ചു’; തലാലിന്റെ സഹോദരന്
-
kerala3 days ago
സ്വകാര്യ ബസ് സമരം മറ്റന്നാള്‍ മുതല്‍
-
kerala3 days ago
റോഡില്‍ പൊട്ടിവീണ ലൈനില്‍ നിന്ന് ഷോക്കേറ്റ് 19കാരന് മരിച്ചു; അപകട കാരണം പോസ്റ്റിലേക്ക് മരംവീണത്
-
kerala3 days ago
വടുതലയില്‍ അയല്‍വാസി തീ കൊളുത്തിയ സംഭവം; പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു
-
GULF3 days ago
ഷാര്‍ജയില്‍ യുവതി മരിച്ച സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം
-
kerala3 days ago
‘നിര്‍ഭയം നിലപാട് പറയുന്ന നേതാവ്’; വിദ്വേഷ പ്രസംഗം നടത്തിയ വെള്ളാപ്പള്ളിയെ പുകഴ്ത്തി മന്ത്രി വാസവന്
-
kerala3 days ago
ജപ്തി ഭീഷണി; സ്കൂൾ വരാന്തയിലേക്ക് താമസം മാറ്റിയ കുടുംബത്തിന് താത്കാലിക ഭവനം നൽകി മുസ്ലിം ലീഗ്
-
More3 days ago
ഗസയില്‍ നരഹത്യ തുടര്‍ന്ന് ഇസ്രാഈല്‍; 24 മണിക്കൂറിനിടെ 116 പേരെ കൊന്നൊടുക്കി