തിരുവനന്തപുരം: പിണറായി സര്‍ക്കാറിലുള്ള വിശ്വാസം നഷ്ടപ്പെട്ടതോടെ ഉദ്യോഗസ്ഥര്‍ മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നത് സംസ്ഥാന ഭരണത്തെ നിശ്ചലമാക്കുന്നു. മന്ത്രിയുടെ ഉത്തരവ് നടപ്പാക്കിയതിന്റെ പേരില്‍ ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടിവരുന്ന സാഹചര്യത്തില്‍ പ്രധാന ഫയലുകളൊന്നും തീരുമാനമെടുക്കാതെ മാറ്റിവെക്കുകയാണ് ഉദ്യോഗസ്ഥര്‍. മുഖ്യമന്ത്രിയുടെ ഏകപക്ഷീയമായ നിലപാടില്‍ അമര്‍ഷത്തിലാണ് ഐ.എ.എസ് ഉദ്യോഗസ്ഥര്‍. സെക്രട്ടറിയേറ്റിലെ സി.പി.എം അനുകൂല സംഘടന കൂടി വിമര്‍ശനവുമായി നോട്ടീസുകള്‍ പ്രചരിപ്പിച്ചതോടെ സര്‍ക്കാറുമായി യോജിച്ച് പോകാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഐ.എ.എസ് ഉദ്യോഗസ്ഥര്‍.

മന്ത്രിതല നിര്‍ദേശപ്രകാരം നടപടി സ്വീകരിക്കുന്ന ഫയലുകളില്‍പോലും വിവാദമുണ്ടാകുകയും ഉദ്യോഗസ്ഥര്‍ പ്രതിക്കൂട്ടിലാകുകയും ചെയ്യുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ഈ സാഹചര്യത്തില്‍ ഫയലുകളില്‍ ഉടനടി തീരുമാനമെടുത്ത് പുലിവാല് പിടിക്കേണ്ടതില്ലെന്ന നിലപാടിലാണ് അവര്‍. ഇതോടെ സെക്രട്ടറിയേറ്റിലെ മിക്ക വകുപ്പുകളിലും ഫയലുകള്‍ കുന്നുകൂടി.
സെക്രട്ടറിയേറ്റില്‍ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ഏറ്റവും അധികം ഫയലുകള്‍ തീരുമാനം കാത്ത് കെട്ടിക്കിടക്കുന്നത്. സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാന വിഷയങ്ങളില്‍ സ്വന്തംനിലക്ക് തീരുമാനമെടുക്കാന്‍ മന്ത്രിമാരും മടി കാണിക്കുന്നു. പ്രധാനപ്പെട്ടതും അല്ലാത്തതുമായ എല്ലാ ഫയലുകളും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയക്കുകയാണ് മന്ത്രിമാര്‍ ഇപ്പോള്‍ ചെയ്യുന്നത്.
ആഭ്യന്തരവകുപ്പിന്റെയും മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെയും ചുമതലയുള്ള നളിനി നെറ്റോയാണ് ഈ ഫയലുകളെല്ലാം പരിശോധിക്കേണ്ടത്. ജോലിഭാരം കൂടുതലാണെന്ന് അവര്‍ വ്യക്തമാക്കിയിട്ടും സര്‍ക്കാര്‍ ബദല്‍ സംവിധാനം ഒരുക്കിയിട്ടില്ല. മന്ത്രിമാരുടെ ഓഫീസില്‍ തന്നെ തീര്‍പ്പാക്കാന്‍ കഴിയുമായിരുന്ന ഫയലുകളാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ച് കാത്തിരിക്കുന്നത്. വകുപ്പുകളെല്ലാം ഫയല്‍ നീക്കത്തെക്കുറിച്ചുള്ള പ്രതിമാസ റിപ്പോര്‍ട്ട് തയാറാക്കി സര്‍ക്കാറിന് നല്‍കണമെന്ന് ഭരണപരിഷ്‌കാര വകുപ്പ് അടുത്തിടെ നിര്‍ദേശിച്ചിരുന്നു.

കെട്ടിക്കിടക്കുന്ന ഫയലുകളെക്കുറിച്ച് അവലോകനം നടത്തണമെന്നും വകുപ്പു മേധാവികള്‍ മൂന്നു മാസത്തിലൊരിക്കല്‍ ഫയല്‍ അദാലത്ത് നടത്തണമെന്നും നിര്‍ദേശിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. സെക്രട്ടറിയേറ്റില്‍ ആഭ്യന്തരം, വിജിലന്‍സ്, നിയമം എന്നിവിടങ്ങളിലൊഴികെയുള്ള 39 വകുപ്പിലും ഇ- ഫയല്‍ സംവിധാനം നിലവില്‍ വന്നെങ്കിലും ഫയല്‍ നീക്കത്തില്‍ കാര്യമായ പുരോഗതിയില്ല.