ദുബൈ: ഐ.സി.സി ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് ആധിപത്യം തുടരുന്നു. ശ്രീലങ്കയെ 3-0ന് വൈറ്റ് വാഷ് ചെയ്ത ഇന്ത്യ 125 പോയിന്റുമായാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. 110 പോയിന്റുമായി ദക്ഷിണാഫ്രിക്ക രണ്ടാമതും 105 പോയിന്റുമായി ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തുമാണ്. അതേ സമയം ബംഗ്ലാദേശിനോട് ടെസ്റ്റ് പരമ്പരയില്‍ 1-1ന് സമനില പാലിച്ചതിനു പിന്നാലെ ഓസ്‌ട്രേലിയക്ക് നാലാം സ്ഥാനം നഷ്ടമായി. 97 പോയിന്റുള്ള ന്യൂസിലന്‍ഡ് നാലാമതെത്തിയപ്പോള്‍ ഇത്ര തന്നെ പോയിന്റുള്ള ഓസീസ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഓസീസിനോട് ടെസ്റ്റ് വിജയിച്ച ബംഗ്ലാദേശ് അഞ്ചു പോയിന്റുകള്‍ നേടി 74 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്. 93 പോയിന്റുമായി പാകിസ്താന്‍ ആറാമതും 90 പോയിന്റുമായി ലങ്ക ഏഴാമതുമാണ്. ബംഗ്ലാദേശിനേക്കാളും ഒരു പോയിന്റ് കൂടുതലുള്ള വിന്‍ഡീസാണ് എട്ടാം സ്ഥാനത്ത്.