ന്യൂഡല്‍ഹി: ബീഫ് വിഷയത്തില്‍ മലക്കം മറിഞ്ഞ് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. വിദേശ വിനോദസഞ്ചാരികള്‍ സ്വന്തം രാജ്യത്ത് നിന്ന് ബീഫ് കഴിച്ചിട്ട് ഇന്ത്യയിലേക്ക് വന്നാല്‍ മതിയെന്നാണ് കണ്ണന്താനത്തിന്റെ പുതിയ നിലപാട്.
കേരളത്തെയും ഗോവയെയും ബീഫ് നിരോധനം ബാധിക്കുകയില്ലെന്നും ഈ രണ്ടു സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ ബീഫ് കഴിക്കുന്നത് തുടരുമെന്നും അതില്‍ ബിജെപി ഇടപെടല്‍ നടത്തുകയില്ലെന്നുമായിരുന്നു കണ്ണന്താനം മന്ത്രിയായി ചുമതലയേറ്റ ശേഷം പറഞ്ഞിരുന്നത്. ദേശീയ മാധ്യമങ്ങള്‍ക്കു അനുവദിച്ച അഭിമുഖത്തിലാണ് കണ്ണന്താനം ആദ്യ നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ ഇത് തിരുത്തിയാണ് പുതിയ നിലപാട് തുറന്നടിച്ചത്. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന ബീഫ് നിരോധനം ടൂറിസത്തെ പ്രതികൂലമായി ബാധിക്കുമോയെന്ന ചോദ്യത്തോടായിരുന്നു പ്രതികരണം. വിദേശികള്‍ സ്വന്തം രാജ്യത്തു വെച്ചു തന്നെ ബീഫ് കഴിച്ചുവരണം. താന്‍ ടൂറിസം മന്ത്രിയാണ്. ബീഫ് വിഷയത്തില്‍ തീരുമാനമെടുക്കാന്‍ താന്‍ ഭക്ഷ്യവകുപ്പ് മന്ത്രിയല്ല. അതിനാല്‍ ഭക്ഷണത്തെക്കുറിച്ചുള്ള ചോദ്യത്തിനു താനല്ല മറപടി പറയേണ്ടതെന്നും കണ്ണന്താനം പറഞ്ഞു.