X

സിഖുക്കാര്‍ക്ക് മള്‍ട്ടിപ്പിള്‍ വിസ; യുദ്ധത്തിനായി ആദ്യം ഇറങ്ങില്ലെന്നും ഇമ്രാന്‍ഖാന്‍

ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നും വരുന്ന സിഖ് തീര്‍ഥാടകര്‍ക്ക് മള്‍ട്ടിപ്പിള്‍ വിസകള്‍ നല്‍കുമെന്നും വിശുദ്ധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ അവര്‍ക്ക് സാധ്യമായ പരമാവധി സൗകര്യങ്ങള്‍ നല്‍കുമെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചു.

ന്യൂസ് ഇന്റര്‍നാഷണല്‍ തിങ്കളാഴ്ച ഗവര്‍ണര്‍ ഹൗസില്‍ നടന്ന അന്താരാഷ്ട്ര സിഖ് കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ഇമ്രാന്‍ഖാന്റെ പ്രസ്താവന. രാജ്യത്ത് രണ്ട് തവണ സന്ദര്‍ശിക്കാനുള്ള വിസയാണ് മള്‍ട്ടിപ്പിള്‍ വിസ. കണ്‍വെന്‍ഷനില്‍ പഞ്ചാബ് ഗവര്‍ണര്‍ ചൗധരി സര്‍വര്‍, ഫെഡറല്‍, പ്രൊവിന്‍ഷ്യല്‍ കാബിനറ്റ് അംഗങ്ങള്‍, യുകെ, യുഎസ്, കാനഡ, യൂറോപ്പ്, മറ്റ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സിഖ് തീര്‍ഥാടകര്‍ പങ്കെടുത്തു.

ഇന്ത്യക്കെതിരെ പാകിസ്താന്‍ യുദ്ധം ആരംഭിക്കുകയോ ആദ്യം ആണവായുധം പ്രയോഗിക്കുകയോ ചെയ്യില്ലെന്ന് ഇമ്രാന്‍ഖാന്‍ പറഞ്ഞു. ഇന്ത്യയും പാകിസ്താനും ആണവരാജ്യങ്ങളാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായാല്‍ ലോകത്തിന് തന്നെ അപകടമാണെന്നും ഇമ്രാന്‍ഖാന്‍ പറഞ്ഞു.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടര്‍ന്ന് പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയ ഇമ്രാന്‍ഖാന്‍ കടുത്ത നിലപാടുകളില്‍ നിന്നും പിന്നോട്ട് പോകുന്നുവെന്നതിന്റെ സൂചനയാണ് പുതിയ സംഭവ വികാസങ്ങള്‍. ആദ്യം ആണവായുധം പ്രയോഗിക്കില്ലെന്ന് ഇന്ത്യന്‍ നിലപാട് ഭാവിയിലും അങ്ങനെയാകുമോയെന്ന് ഉറപ്പിക്കാനാകില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇമ്രാന്‍ഖാന്‍ നിലപാട് മയപ്പെടുത്തിയിരിക്കുന്നത്.

web desk 3: