ഇന്ത്യന്‍ കറന്‍സിയില്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രത്തിന് പകരം ഹിന്ദുമഹാസഭാ സ്ഥാപകന്‍ വിനായക് സവര്‍ക്കറുടെ ചിത്രം വേണമെന്ന ആവശ്യവുമായി ഹിന്ദുമഹാസഭ. സവര്‍ക്കര്‍ക്ക് ഭാരതരത്‌ന കൊടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
സംഘടനയുടെ ഉപാധ്യക്ഷന്‍ പണ്ഡിറ്റ് അശോക് ശര്‍മ്മ, സംസ്ഥാന വക്താവ് അഭിഷേക് അഗര്‍വാള്‍ എന്നിവരാണ് സവര്‍ക്കറുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പുതിയ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം, ഹിന്ദുമഹാസഭ പ്രവര്‍ത്തകര്‍ സവര്‍ക്കര്‍ ദിനത്തോടനുബന്ധിച്ച് സ്‌കൂള്‍ കുട്ടികള്‍ക്ക് കത്തികള്‍ വിതരണം ചെയ്തത് ഇതിനോടകം വാര്‍ത്തയായിട്ടുണ്ട്. പത്താം ക്ലാസ്, പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആയുധങ്ങള്‍ വിതരണം ചെയ്ത ഹിന്ദുമഹാസഭ ഹിന്ദുക്കളുടെ ശാക്തീകരണമാണ് സവര്‍ക്കര്‍ കണ്ട സ്വപ്നമെന്നും വ്യക്തമാക്കി.
സവര്‍ക്കറുടെ ജന്മവാര്‍ഷികദിനത്തില്‍ അദ്ദേഹത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. രാജ്യത്തിനു വേണ്ടി ഒരുപാട് പ്രവര്‍ത്തനങ്ങള്‍ നടത്തിയ സവര്‍ക്കറുടെ പ്രചോദനത്തില്‍ നിരവധി ആളുകള്‍ സ്വാതന്ത്ര്യലബ്ധിയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചതായി മോദി ചൂണ്ടിക്കാട്ടി. ശക്തമായ ഇന്ത്യയുടെ അടയാളമാണ് സവര്‍ക്കറെന്നായിരുന്നു മോദി അഭിപ്രായപ്പെട്ടത്.