കര്‍ണാടകയില്‍ യുവതിയോട് മോശമായി പെരുമാറിയെന്ന് ആരോപണം ഉന്നയിച്ച് യുവാവിനെ മര്‍ദ്ദിച്ച് നഗ്‌നനാക്കി നടത്തിച്ച് നാട്ടുകാര്‍. ഹാസന്‍ ജില്ലയിലാണ് സംഭവം നടന്നത്. വിജയപുരയില്‍ നിന്നുള്ള നിര്‍മാണ തൊഴിലാളിയായ യുവാവിനെയാണ് നാട്ടുകാരുടെ മര്‍ദ്ദിച്ചത്. ഒരു സംഘം ആളുകള്‍ യുവാവിനെ മര്‍ദ്ദിക്കുകയും വസ്ത്രം അഴിപ്പിച്ച് നിര്‍ത്തിയ ശേഷം നടത്തിക്കുകയാണ് ഉണ്ടായത്.

യുവതിയോട് മോശമായി പെരുമാറിയെന്നാണ് ആളുകളുടെ വാദം. അല്പസമയ ശേഷം പൊലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. യുവാവിനെ നഗ്‌നനാക്കി നടത്തിയതിനും മര്‍ദ്ദിച്ചതിനും നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അതേസമയം, ആരോപണവിധേയയായിട്ടുള്ള പെണ്‍കുട്ടി യുവാവിനെതിരെ കേസ് കൊടുത്തിട്ടില്ല. ആളുകള്‍ യുവാവിനെ അക്രമിച്ചതിനും അപമാനിച്ചതിനുമാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നാല് പേര്‍ക്കെതിരെ കേസെടുത്തത്.