പശുവിനെ അപമാനിച്ചെന്ന ബിജെപി പ്രവര്‍ത്തകന്റെ പരാതിയില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു. കാഞ്ഞങ്ങാട് വെള്ളരിക്കുണ്ട് താലൂക്കിലെ പാത്തിക്കര സാജന്‍ എബ്രഹാമിനെതിരെയാണ് പോലീസ് കേസെടുത്തത്. വെസ്റ്റ് എളേരി വില്ലേജില്‍ കണ്ടത്തിന്‍കര ചന്ദ്രന്‍ എന്നയാളുടെ പരാതിയിലാണ് നടപടി.

ഡിവൈഎസ്പി സജീവിന്റെ നിര്‍ദ്ദേശ പ്രകാരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കേസ് അന്വേഷിക്കുമെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ചന്ദ്രനും സാജനും ഉള്‍പ്പെടെയുള്ളവര്‍ ഒരു കടയിലിരുന്ന് രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നതിനിടെയിലായിരുന്നു കേസിന് ആസ്പദമായ സംഭവമുണ്ടായത്.
സംസാരത്തിനിടയില്‍ പശുവിനെ പുകഴ്ത്തി ചന്ദ്രന്‍ സംസാരിച്ചപ്പോള്‍ പശുവിന്റെ പാല്‍ നിങ്ങള്‍ കുടിക്കുന്നില്ലേയെന്ന് സാജന്‍ ചോദിക്കുകയായിരുന്നു. ഇതിനു പിന്നാലെ തര്‍ക്കം ഉണ്ടാകുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.