X
    Categories: MoreViews

തന്നെ പുറത്താക്കാന്‍ മണിശങ്കര്‍ അയ്യര്‍ പാകിസ്താനില്‍ കരാര്‍ നല്‍കിയെന്ന് മോദി

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വീണു കിട്ടിയ അവസരം ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. മുന്‍ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ നാക്കുപിഴ ഉയര്‍ത്തിയാണ് മോദി പുതിയ പ്രചാരണ തന്ത്രം പുറത്തെടുക്കുന്നത്. അച്ചടക്ക നടപടി നേരിട്ട അയ്യര്‍ക്കെതിരെ പുതിയ ആരോപണവുമായി പ്രധാനമന്ത്രി ഇന്നലെ രംഗത്തെത്തി. തന്നെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കാന്‍ 2015ല്‍ മണി ശങ്കര്‍ അയ്യര്‍ പാകിസ്താനില്‍ ചെന്ന് കരാര്‍ നല്‍കിയെന്നാണ് മോദിയുടെ അവകാശവാദം. ഉത്തര ഗുജറാത്തിലെ ചെറു പട്ടണമായ ബാണസ്‌കന്തയില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കവെയായിരുന്നു മോദിയുടെ ആരോപണം.

ഞാന്‍ പ്രധാനമന്ത്രിയായ ശേഷം, 2015ല്‍ ഈ മനുഷ്യന്‍(മണി ശങ്കര്‍ അയ്യര്‍) പാകിസ്താനില്‍ എത്തി ഏതാനും പേരുമായി കൂടിക്കാഴ്ച നടത്തി. ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ ലഭ്യമാണ്. ഈ കൂടിക്കാഴ്ചയില്‍ മോദിയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കിയാലല്ലാതെ ഇന്ത്യാ-പാകിസ്താന്‍ ബന്ധത്തില്‍ പുരോഗതി കൈവരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു- മോദി ആരോപിച്ചു.

രസ്‌തേ സേ ഹതന എന്ന വാക്കിന്റെ അര്‍ത്ഥം ചിലര്‍ എനിക്കു പറഞ്ഞു തന്നു. നിങ്ങള്‍ പാകിസ്താനില്‍ പോയത് കരാര്‍ കൊടുക്കാനാണ്. നിങ്ങള്‍ക്ക് മോദിയെ കൊല്ലാന്‍ കരാര്‍ നല്‍കേണ്ടിയിരുന്നു. ഇത്തരം അധ്യായങ്ങള്‍ ഒതുക്കിത്തീര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അയ്യര്‍ക്കെതിരെ കോണ്‍ഗ്രസ് ഒരു നടപടിയും സ്വീകരിക്കില്ലെന്നും മോദി കുറ്റപ്പെടുത്തി.

മൂന്നു വര്‍ഷം മുമ്പാണ് ഈ സംഭാഷണം നടന്നത്. എന്നാല്‍ കോണ്‍ഗ്രസ് അതിനെ ഒതുക്കിത്തീര്‍ത്തു. മൂന്നു വര്‍ഷമായിട്ടും അവര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. എന്തു തെറ്റാണ് ഞാന്‍ ചെയ്തത്. ഈ രാജ്യത്തെ ജനങ്ങള്‍ ജനാധിപത്യ രീതിയിലൂടെ അവരുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു എന്നതോ- മോദി പറഞ്ഞു. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും തന്നെ ദൈവം സംരക്ഷിക്കുമെന്നും പറഞ്ഞാണ് മോദി വേദി വിട്ടത്.

chandrika: