ലണ്ടന്‍: സിറിയയിലെ അലെപ്പോയില്‍ മാര്‍ച്ച് 16ന് പള്ളിക്കുനേരെയുണ്ടായ യു.എസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരണെന്ന് മൂന്ന് പ്രമുഖ ഏജന്‍സികള്‍ തയാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട്. അല്‍ഖാഇദ കേന്ദ്രമെന്ന് അമേരിക്ക അവകാശപ്പെട്ട പള്ളിയില്‍ പ്രാര്‍ത്ഥനക്കും മതപ്രഭാഷണം കേള്‍ക്കാനും ഒത്തുകൂടിയവരാണ് ഉണ്ടായിരുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചും ലണ്ടന്‍ ആസ്ഥാനമായ ഫോറന്‍സിക് ആര്‍കിടെക്ചറും സ്വതന്ത്രാന്വേഷണ ഏജന്‍സിയായ ബെല്ലിങ്ക്യാറ്റും നടത്തിയ അന്വേഷണത്തില്‍ അമേരിക്കയുടെ വാദങ്ങളെല്ലാം പൊള്ളയാണെന്ന് കണ്ടെത്തി. സിറിയയില്‍ അല്‍ഖാഇദയുടെ യോഗത്തിനുനേരെയാണ് ആക്രമണമുണ്ടായതെന്നും കൊല്ലപ്പെട്ടവരെല്ലാം ഭീകരരാണെന്നും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ അല്‍ ജിന എന്ന ഗ്രാമത്തിലെ പ്രശസ്തമായ മസ്ജിദാണ് ആക്രമണത്തില്‍ തകര്‍ന്നതെന്ന് പ്രദേശം സന്ദര്‍ശിച്ച് തയാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹെല്‍ഫെയര്‍ മിസൈല്‍ ഉപയോഗിച്ച് അമേരിക്ക നടത്തിയ ആക്രമണത്തില്‍ 38 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പള്ളിയില്‍നിന്ന് ആളുകള്‍ പുറത്തുപോകുമ്പോഴാണ് ആക്രമണമുണ്ടായത്. സിവിലിയന്‍ മരണങ്ങള്‍ കുറക്കാന്‍ മുന്‍കരുതലെടുക്കുന്നതില്‍ യു.എസ് സേന പരാജയപ്പെട്ടതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് അന്വേഷണസംഘത്തലവന്‍ ഓലെ സോള്‍വാങ് പറഞ്ഞു.
പള്ളിയാണ് അതെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്ന യു.എസ് വാദം അമേരിക്കന്‍ ഇന്റലിജന്‍സിന്റെ പരാജയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.