ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. ഫ്‌ലോറിഡയില്‍ രാത്രി എട്ടിനാണ് മത്സരം. മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് സ്വന്തമാക്കാം.

ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ നാല് വിക്കറ്റിന് വിജയിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സാണ് നേടാന്‍ സാധിച്ചത്. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 17.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 24 റണ്‍സ് നേടിയ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

അരങ്ങേറ്റത്തില്‍ തന്നെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ നവ്ദീപ് സൈനിയുടെ പ്രകടനമാണ് വിന്‍ഡീസിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. 49 റണ്‍സെടുത്ത കീറണ്‍ പൊള്ളാര്‍ഡാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. അരങ്ങേറ്റം ഗംഭീരമാക്കിയ സൈനിയാണ് കളിയിലെ താരം.