അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : സഊദി ഇന്ത്യ നയതന്ത്ര ബന്ധത്തിൽ പുത്തൻ അധ്യായത്തിന്ന് തുടക്കം കുറിച്ച് കൊണ്ട് ഇന്ത്യൻ കര സേന മേധാവി ജനറൽ മുകുന്ദ് നരവനെയുടെ ദ്വിദിന സന്ദർശനത്തിന് സമാപനം. ഇതാദ്യമായാണ് ഒരു ഇന്ത്യൻ സാനിയാ മേധാവി സഊദിയിലെത്തുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം ശക്തമാക്കാനുള്ള കരാറുകളിൽ ഇരു രാജ്യങ്ങളുടെയും സൈനിക മേധാവികൾ ഒപ്പിട്ടു. റിയാദിലെ സൈനിക ആസ്ഥാനത്ത് സഊദി റോയൽ ഫോഴ്‌സ് കമാണ്ടർ ജനറൽ ഫഹദ് ബിൻ അബ്ദുല്ല അൽമുതൈരി സ്വീകരിച്ചു. ശേഷം റോയൽ ഫോഴ്‌സ് ഗാർഡ് ഓഫ് ഓണർ നൽകി. പ്രതിരോധ മേഖലയിൽ ഇരു രാജ്യങ്ങളും സ്വീകരിക്കേണ്ട നയപരമായ ഇടപെടലുകളെ കുറിച്ച് നടത്തി. സഊദി സംയുക്ത സേന മേധാവി ജനറൽ ഫയദ് അൽ റുവൈലിയുമായും നരവനെ ചർച്ച നടത്തി. പ്രതിരോധ രംഗത്ത് കരസേനകൾ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താനുള്ള നടപടികൾക്ക് സഊദിയുടെ ശക്തമായ പിന്തുണ നരവനെ ആവശ്യപ്പെട്ടു.

ചർച്ചകൾ ഏറെ ഫലപ്രദമായിരുന്നെന്ന് ഇന്ത്യൻ എംബസ്സി വാർത്താകുറിപ്പിൽ അറിയിച്ചു. ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സയീദ് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ജോയിന്റ് ഫോഴ്‌സ് കമാൻഡിങ് ആസ്ഥാനവും കിംഗ് അബ്ദുൽ അസീസ് മിലിട്ടറി അക്കാദമിയും സഊദി നാഷണൽ ഡിഫൻസ് യൂണിവേഴ്‌സിറ്റിയും സന്ദർശിച്ച ശേഷമാണ് ജനറൽ മുകുന്ദ് നരവനെ ഇന്നലെ രാത്രി ഡൽഹയിലേക്ക് മടങ്ങിയത്.