ന്യൂഡല്‍ഹി: ആഗോളതലത്തില്‍ എക്യാരാഷ്ട്രസഭ പുറത്തുവിട്ട മാനവ വികസന സൂചികയില്‍ പുരോഗമനമില്ലാതെ ഇന്ത്യ. 2015 ലെ കണക്കുകള്‍ പ്രകാരം 131-ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. 2014 ലെ സൂചിക പുറത്തുവന്നപ്പോഴും ഇന്ത്യയുടെ സ്ഥാനം 131 തന്നെയായിരുന്നു. ആകെ 188 രാജ്യങ്ങള്‍ ഉള്‍പ്പെട്ട ‘ഹ്യുമന്‍ ഡെവലപ്മെന്റ് ഇന്‍ഡക്സ്’ (എച്ച്.ഡി.ഐ) ആണ് യു.എന്‍ തയ്യാറാക്കിയത്. അതില്‍ 131 -ാം സ്ഥാനം മാത്രമാണ് ഇന്ത്യക്ക് നേടാനായത്. ഈ രംഗത്ത് ഇന്ത്യക്ക് ഏറെ മുന്നോട്ടുപോകാനുണ്ടെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. ആയുര്‍ദൈര്‍ഘ്യം, വിദ്യാഭ്യാസ നിലവാരം, ആളോഹരി വരുമാനം, ലിംഗസമത്വം, ജീവിത നിലവാരം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങി ഒട്ടേറെ മേഖലകള്‍ പരിഗണിച്ചാണ് സൂചിക തയ്യാറാക്കുന്നത്. ഈ വിഭാഗങ്ങളിലൊന്നും ഇന്ത്യക്ക് കാര്യമായ പുരോഗതിയൊന്നും കൈവരിക്കാനായിട്ടില്ലെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2011 ലെ 186 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 134-ാം സ്ഥാനത്തായിരുന്നു. 2010-ലെ പട്ടികയില്‍ ഇന്ത്യക്ക് 119-ാം റാങ്ക് ലഭിച്ചിരുന്നെങ്കിലും അന്ന് 169 രാജ്യങ്ങളായിരുന്നു പട്ടികയില്‍ ഉണ്ടായിരുന്നത്. സൂചികയില്‍ 18 രാജ്യങ്ങള്‍ കൂട്ടിച്ചേര്‍ത്തപ്പോള്‍ ഇന്ത്യ 16 സ്ഥാനങ്ങള്‍ പിന്നോട്ടിറങ്ങി. നോര്‍വെയാണ് പട്ടികയില്‍ ഒന്നാമത്. ആസ്‌ത്രേലിയയും സ്വിറ്റസര്‍ലന്റുമാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ ശ്രീലങ്ക (73), മാലദ്വീപ് (105), ഭൂട്ടാന്‍ (132), ബംഗ്ലാദേശ് (139), നേപ്പാള്‍ (143), പാകിസ്താന്‍ (147) എന്നിങ്ങനെ സ്ഥാനങ്ങള്‍ നേടി. അമേരിക്ക എട്ടാമതും ചൈന 90-ാം സ്ഥാനത്തുമാണ്. 0.624 ആണ് ഇന്ത്യയുടെ ജി.ഡി.ഐ മൂല്യം. മിതമായ വളര്‍ച്ചയുള്ള രാജ്യങ്ങളുടെ വിഭാഗത്തിലാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്. എന്നാല്‍, ഇന്ത്യയുടെ ജിഡിഐ മൂല്യം ഈ വിഭാഗത്തിലെ രാജ്യങ്ങളുടെ പോയന്റ് ശരാശരിയേക്കാള്‍ താഴെയാണ്. ബ്രിക്സ് രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ സ്ഥാനം ഏറ്റവും പിന്നിലാണ്.