ന്യൂഡല്‍ഹി: ബ്രിട്ടനില്‍ ജനിതക മാറ്റം വന്ന കോവിഡ് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്ന ഇന്ത്യ യു.കെ വിമാന സര്‍വീസ് പുനരാരംഭിക്കുന്നു. ജനുവരി എട്ടുമുതല്‍ വിമാന സര്‍വീസ് തുടങ്ങുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദിപ് സിംഗ് പുരി അറിയിച്ചു. ഡല്‍ഹി, മുംബയ്, ബംഗലുരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍നിന്നായിരിക്കും വിമാന സര്‍വീസ്. ജനുവരി 23 വരെ ആഴ്ചയില്‍ 15 വിമാനം മാത്രമേ ഉണ്ടാകൂ.

ഡിസംബര്‍ 23 മുതല്‍ 31 വരെയാണ് വിമാന സര്‍വിസ് ആദ്യം വിലക്കിയിരുന്നത്. പിന്നീട് ജനുവരി ഏഴ് വരെ നീട്ടുകയായിരുന്നു. ജനിതകമാറ്റം വന്ന കൊവിഡ് വൈറസിന്റെ വകഭേദം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം യു.കെയില്‍നിന്ന് 33,000 യാത്രക്കാരാണ് ഇന്ത്യയിലെത്തിയത്. ഇന്ത്യയെ കൂടാതെ നിരവധി രാജ്യങ്ങളും വിമാന സര്‍വിസ് വിലക്കുകയായിരുന്നു.