സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. നായകന്‍ വിരാട് കോഹ് ലിയുടെ അര്‍ധ സെഞ്ച്വറിയും കൃണാല്‍ പാണ്ഡ്യയുടെ നാല് വിക്കറ്റ് പ്രകടനവുമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 165 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 19.4 ഓവറിലാണ് മറികടന്നത്. ആദ്യ ഓവറുകളില്‍ കടന്നാക്രമിച്ച ഓപ്പണര്‍ ശിഖര്‍ ധവാന്റെ പ്രകടനമാണ് ഇന്ത്യക്ക് നിര്‍ണായകമായത്. ധവാന്‍ 22 പന്തില്‍ നിന്ന് 41 റണ്‍സ് നേടി.

ക്യാപ്റ്റന്‍ വിരാട് കോഹ്!ലി 41 പന്തില്‍ 61 റണ്‍സുമായി പുറത്താകാതെ നിന്നു. ആറു ബൗണ്ടറിയും രണ്ടു സിക്‌സും അടങ്ങുന്നതാണ് കോഹ്‌ലിയുടെ ഇന്നിങ്‌സ്. ദിനേഷ് കാര്‍ത്തിക് 18 പന്തില്‍ ഒരു ബൗണ്ടറിയും സിക്‌സും സഹിതം 22 റണ്‍സുമായി കോഹ്‌ലിക്കു തുണ നിന്നു. പിരിയാത്ത അഞ്ചാം വിക്കറ്റില്‍ കോഹ്‌ലി-കാര്‍ത്തിക് സഖ്യം 60 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇതോടെ മൂന്നു മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരു ടീമുകളും 1-1ന് സമനില പാലിച്ചു. ബ്രിസ്‌ബേനില്‍ നടന്ന ആദ്യ മല്‍സരം ഓസ്‌ട്രേലിയ ജയിപ്പോള്‍, മെല്‍ബണില്‍ നടന്ന രണ്ടാം മല്‍സരം മഴ തടസ്സപ്പെടുത്തിയിരുന്നു.