ഡല്‍ഹി: ഇന്ത്യന്‍ യുവതാരം അന്‍വര്‍ അലിയോട് പരിശീലനം നിര്‍ത്താന്‍ ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍. ഹൃദയസംബന്ധമായ അസുഖമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 20കാരനായ പ്രതിരോധ താരത്തിന്റെ ചികിത്സാവിവരങ്ങള്‍ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന് അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് താരത്തോട് പരിശീലനം നിര്‍ത്താന്‍ എഐഎഫ്എഫ് ആവശ്യപ്പെട്ടത്.

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായിരുന്നു അന്‍വര്‍ അലി. ഇന്ത്യയില്‍ നടന്ന അണ്ടര്‍17 ലോകകപ്പിലെ പ്രകടനം വളരെയധികം പ്രശംസിക്കപ്പെട്ടിരുന്നു. എന്നാല്‍, ഹൃദ്രോഗമുണ്ടെന്ന് കണ്ടെത്തിയത് താരത്തിനു തിരിച്ചടിയാവുകയായിരുന്നു. ചികിത്സാവിവരങ്ങള്‍ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ വൈദ്യ സംഘം പരിശോധിക്കുകയാണെങ്കിലും താരത്തിനു വിരമിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.

മിനര്‍വ പഞ്ചാബ് അക്കാദമിയില്‍ കളി പഠിച്ച അന്‍വര്‍ ഇന്ത്യന്‍ ആരോസിലൂടെയാണ് കരിയര്‍ ആരംഭിച്ചത്. വരുന്ന സീസണില്‍ മുംബൈ സിറ്റി എഫ്‌സി താരത്തെ ടീമിലെത്തിച്ചെങ്കിലും അസുഖത്തെ തുടര്‍ന്ന് കരാര്‍ റദ്ദാക്കി. ഇതിനിടെ ദേശീയ ക്യാമ്പിലേക്കും അന്‍വറിനു ക്ഷണം ലഭിച്ചു. അസുഖ വിവരത്തെ തുടര്‍ന്ന് ക്യാമ്പില്‍ നിന്ന് പുറത്തായെങ്കിലും അദ്ദേഹം ഐലീഗ് സെക്കന്‍ഡ് ഡിവിഷന്‍ ക്ലബ് മുഹമ്മദന്‍സുമായി കരാറിലെത്തിയിരുന്നു. അന്‍വര്‍ കളിക്കണമെന്ന് തന്നെയാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെങ്കിലും അങ്ങനെയൊരു അസുഖം വെച്ച് ഫുട്‌ബോള്‍ കളിക്കുന്നത് ജീവനു തന്നെ ഭീഷണിയുണ്ടാക്കുന്നതിനാല്‍ അങ്ങനെ ഒരു റിസ്‌കെടുക്കാന്‍ സാധിക്കില്ലെന്നും എഐഎഫ്എഫ് അറിയിച്ചു.