ബംഗളൂരു: രാജ്യം കണ്ട എക്കാലത്തെയും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായ കാള്‍ട്ടണ്‍ ചാപ്മാന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. 49 വയസ്സായിരുന്നു. തൊണ്ണൂറുകളില്‍ ഇന്ത്യന്‍ മധ്യനിര അടക്കിവാണ ചാപ്മാന്‍ ഈസ്റ്റ് ബംഗാള്‍, ജെസിടി, എഫ്.സി കൊച്ചിന്‍ എന്നീ ക്ലബുകള്‍ക്ക് വേണ്ടി ബൂട്ടണമിഞ്ഞിട്ടുണ്ട്.

1991 മുതല്‍ 2001 വരെ ഇന്ത്യന്‍ ടീമിനായി ജഴ്‌സിയണിഞ്ഞു. ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. കേരളത്തിലെ പ്രധാന പ്രൊഫഷണല്‍ ക്ലബായിരുന്ന എഫ്.സി കൊച്ചിന് വേണ്ടി ഐഎം വിജയന്‍, ജോപോള്‍ അഞ്ചേരി, രാമന്‍ വിജയന്‍ എന്നിവര്‍ക്കൊപ്പം കളിച്ചിട്ടുണ്ട്.

കളി നിര്‍ത്തിയ ശേഷം പരിശീലക വേഷമണിഞ്ഞ ചാപ്മാന്‍ നിലവില്‍ കോഴിക്കോട് ക്വാര്‍ട്‌സ് എഫ്‌സിയുടെ മുഖ്യപരിശീലകനാണ്. അടുത്തിടെയാണ് ക്വാര്‍ട്‌സിനെ ഏറ്റെടുക്കാന്‍ പ്രീമിയര്‍ ലീഗ് ക്ലബായ ഷഫീല്‍ഡ് യുണൈറ്റഡ് തീരുമാനിച്ചത്.

1980ല്‍ ബംഗളൂരു സ്‌പോട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(സായ്)യിലൂടെയാണ് കരിയര്‍ ആരംഭിച്ചത്. പിന്നീട് സതേണ്‍ ബ്ലൂസിന് വേണ്ടി കളിച്ചു. പിന്നീട് നഗരം വിട്ട ചാപ്മാന്‍ ഇന്ത്യയിലെ വന്‍കിട ക്ലബുകളിലെത്തി. 1993ലാണ് ഈസ്റ്റ് ബംഗാളിലെത്തിയത്. ഏഷ്യന്‍ കപ്പ് വിന്നേഴ്‌സ് കപ്പില്‍ ഇറാഖി ക്ലബ് അല്‍ സവ്‌റയ്‌ക്കെതിരെ ഈസ്റ്റ്ബംഗാളിന് വേണ്ടി ചാപ്മാന്‍ നേടിയ ഹാട്രിക് അവിസ്മരണീയമായിരുന്നു. 6-2നാണ് അന്ന് കൊല്‍ക്കത്തന്‍ ക്ലബ് അല്‍ സവ്‌റയെ കെട്ടുകെട്ടിച്ചത്.

1995ല്‍ ജെസിടി ഫഗ്വാരയിലെത്തി. 1997-98 സീസണില്‍ എഫ്‌സി കൊച്ചിനിലും. നാഷണല്‍ ഫുട്‌ബോള്‍ ലീഗ് അടക്കം 14 കിരീടങ്ങള്‍ താരം സ്വന്തമാക്കിയിട്ടുണ്ട്.