കിയവ്: മയക്കുമരുന്ന് കേസില്‍ തടവുശിക്ഷ ഒഴിവാക്കാനായി റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി യുക്രൈന്‍ സൈന്യത്തിന്റെ പിടിയിലായി. ഗുജറാത്ത് സ്വദേശിയായ സാഹില്‍ മുഹമ്മദ് ഹുസൈന്‍ (22) ആണ് പിടിയിലായത്. റഷ്യന്‍ സൈന്യവുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നതെന്ന് യുക്രൈന്‍ സൈന്യം പുറത്തുവിട്ട വീഡിയോയില്‍ ഹുസൈന്‍ പറയുന്നു.
റഷ്യയില്‍ പഠനത്തിനായാണ് ഹുസൈന്‍ എത്തിയിരുന്നത്. മയക്കുമരുന്ന് കേസില്‍ ഏഴ് വര്‍ഷം തടവുശിക്ഷ ലഭിച്ച ശേഷം, ശിക്ഷ ഒഴിവാക്കാന്‍ റഷ്യന്‍ സൈന്യത്തില്‍ സേവനം ചെയ്യാനുള്ള കരാറില്‍ ഒപ്പുവെച്ചതാണെന്ന് അദ്ദേഹം വ്യക്തമാക്കി. സൈന്യത്തില്‍ സേവനം അനുഷ്ഠിക്കുന്നതിന് സാമ്പത്തിക നഷ്ടപരിഹാരം വാഗ്ദാനം ചെയ്തുവെങ്കിലും ലഭിച്ചില്ലെന്നും ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു.
സംഭവത്തെക്കുറിച്ച് കിയവിലെ ഇന്ത്യന്‍ മിഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റഷ്യന്‍ സൈന്യത്തിലേക്ക് ഇന്ത്യന്‍ പൗരന്മാര്‍ റിക്രൂട്ട് ചെയ്യപ്പെടുന്നത് ആശങ്കാജനകമാണെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. പൗരന്മാരെ തിരിച്ചയക്കുന്നതിനായി റഷ്യന്‍ അധികാരികളുമായി ചര്‍ച്ചകള്‍ തുടരുകയാണെന്നും വക്താവ് രണ്‍ദീപ് ജയ്‌സ്വാല്‍ അറിയിച്ചു.