സതാംപ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് നേരിയ ലീഡ്. ഇന്ത്യയെ 217ല്‍ ഒതുക്കി ഒന്നാം ഇന്നിങ്‌സ് ബാറ്റ് വീശിയ അവരുടെ പോരാട്ടം 249 റണ്‍സില്‍ അവസാനിച്ചു. ഒന്നാം ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡിന് 32 റണ്‍സിന്റെ ലീഡ്.

ന്യൂസിലന്‍ഡ് നിരയില്‍ ഡെവോണ്‍ കോണ്‍വെയാണ് ടോപ് സ്‌കോറര്‍. താരം 54 റണ്‍സെടുത്തു. ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസന്‍ 49 റണ്‍സെടുത്തു. ഇന്ത്യക്കായി മുഹമ്മദ് ഷമി നാല് വിക്കറ്റുകള്‍ വീഴ്ത്തി. ഇഷാന്ത് ശര്‍മ മൂന്നും ആര്‍ അശ്വിന്‍ രണ്ടും ജഡേജ ഒരു വിക്കറ്റും സ്വന്തമാക്കി. അവസാന ഘട്ടത്തില്‍ ടിം സൗത്തി നടത്തിയ ചെറുത്തു നില്‍പ്പാണ് ന്യൂസിലന്‍ഡിന് ലീഡ് സമ്മാനിച്ചത്.

നാലാം ദിനം പൂര്‍ണമായി മഴയെടുത്തപ്പോള്‍ അഞ്ചാം ദിനത്തില്‍ ഒരു മണിക്കൂറോളം വൈകിയാണ് കളി പുനരാരംഭിച്ചത്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെന്ന നിലയിലാണ് കിവികള്‍ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ചത്.

എന്നാല്‍ തുടരെ വിക്കറ്റുകള്‍ വീണത് അവര്‍ക്ക് തിരിച്ചടിയായി. ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും നായകന്‍ കെയ്ന്‍ വില്ല്യംസന്‍ ഒരറ്റം കാത്തത് അവര്‍ക്ക് ആശ്വാസമായി.