ന്യൂഡല്‍ഹി: സുദര്‍ശന്‍ ടിവിയുടെ വിവാദ ടിവി ഷോ ‘യുപിഎസ്‌സി ജിഹാദി’നെ ന്യായീകരിച്ച് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍. ടെലവിഷന്‍ ചാനലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് മുമ്പ് ഡിജിറ്റല്‍ മാധ്യമങ്ങളിലാണ് അതു വേണ്ടതെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

‘ഇലക്ട്രോണിക് പ്രിന്റ് മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള കോടതിയുടെ മാര്‍ഗിനിര്‍ദേശങ്ങള്‍ അവരെ നിര്‍വികാരമാക്കും. ഇതേ ഉള്ളടക്കങ്ങള്‍ കൂടുതല്‍ വ്യാപ്തിയുള്ള സാമൂഹിക മാധ്യമങ്ങളില്‍ നിയന്ത്രിക്കപ്പെടാതെ കിടക്കുകകയും ചെയ്യുന്നു’ – എന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്.

വെബ് അധിഷ്ഠിത ഡിജിറ്റല്‍ മീഡിയ, വെബ് മാഗസിന്‍, വെബ് അധിഷ്ഠിത ന്യൂസ് ചാനലുകള്‍, വെബ് അധിഷ്ഠിത വാര്‍ത്തമാന പത്രങ്ങള്‍ എന്നിവയെല്ലാം നിയന്ത്രണാതീതം ആണ് എന്നാണ് കേന്ദ്രം സത്യാവാങ്മൂലത്തില്‍ പറയുന്നത്. നിലവില്‍ ഇത്തരം മാധ്യമങ്ങള്‍ക്ക് കൃത്യമായ മാനദണ്ഡങ്ങളിലെന്നും കേന്ദ്രം വ്യക്തമാക്കി.

ഇവയ്ക്ക് രജിസ്‌ട്രേഷന്‍ ആവശ്യമില്ല. ഐടി നിയമത്തിലെ ചില വ്യവസ്ഥകള്‍ ഒഴിച്ച് അവയുടെ പ്രവര്‍ത്തന രീതി പരിശോധിക്കാന്‍ സംവിധാനവുമില്ല. ഈ സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കുന്ന വേളയില്‍ രാജ്യത്തിന്റെ സുരക്ഷ കൂടി പരിഗണിക്കേണ്ടതുണ്ട്- കേന്ദ്രം വ്യക്തമാക്കി.

ഡിവി ചന്ദ്രചൂഢ്, കെഎം ജോസഫ്, ഇന്ദു മല്‍ഹോത്ര എന്നിവര്‍ അടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. നേരത്തെ സുദര്‍ശന്‍ ടിവിയുടെ പരിപാടിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് കോടതി ഉന്നയിച്ചിരുന്നത്. ഒരു പ്രത്യേക മതവിഭാഗത്തെ ഉന്നം വച്ച് നടത്തുന്നതാണ് പരിപാടിയെന്നും ഇതൊരു തരത്തിലും അംഗീകരിക്കാന്‍ ആകില്ല എന്നും കോടതി വ്യക്തമാക്കിയിരുന്നു.