ഹൈദരാബാദ്: ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്ന് പതിനാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഫ്‌ലാറ്റിന്റെ മൂന്നാമത്തെ നിലയില്‍ നിന്ന് വലിച്ചെറിഞ്ഞ് ഭാര്യ. 27 വയസുകാരിയായ ലാവണ്യക്കെതിരെ കൊലപാതക കുറ്റം ചുമത്തി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഹൈദരാബാദ് ഫത്തേനഗറിലാണ് സംഭവം. ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്ന് ലാവണ്യ ഒക്ടോബര്‍ 29ന് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അന്ന് ഗര്‍ഭിണിയായിരുന്ന ലാവണ്യ ജീവിതത്തിലേക്ക് തിരിച്ചുവരികയും ഒക്ടോബര്‍ 30ന് കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഭര്‍ത്താവ് വേണു ഗോപാലിനെതിരെ ലാവണ്യയുടെ കുടുംബക്കാര്‍ പരാതി നല്‍കി. സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് വേണു ഗോപാല്‍. ഗാര്‍ഹിക പീഡനത്തിന് വേണു ഗോപാലിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.

2016ലാണ് ഇരുവരും വിവാഹിതരായത്. തുടക്കം മുതല്‍ തന്നെ ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നു. നിരവധി കൗണ്‍സിലിങ്ങുകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ആത്മഹത്യാശ്രമത്തിന് ശേഷം ആരോഗ്യനില വീണ്ടെടുത്ത ലാവണ്യ മാതാപിതാക്കള്‍ക്ക് ഒപ്പം വീട്ടിലേക്ക് പോയി. ഇവിടെവച്ചാണ് 14 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ഫ്‌ലാറ്റിന്റെ മൂന്നാമത്തെ നിലയില്‍ നിന്ന് വലിച്ചെറിഞ്ഞത്. കുഞ്ഞ് തത്ക്ഷണം മരിച്ചു. ഭാര്യയ്‌ക്കെതിരെ വേണു പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവതിക്കെതിരെ പൊലീസ് കേസെടുത്തത്.