മലപ്പുറം: വിവിധ ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണിയുടെ ഇരട്ടക്കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് സൂചന. ആരോഗ്യ പ്രവര്‍ത്തകരുടെ വിശദീകരണം കേട്ടതിനു ശേഷമാണ് തുടര്‍നടപടികളിലേക്ക് കടക്കുക. കുട്ടികളുടെ പിതാവ് എന്‍സി മുഹമ്മദ് ശരീഫിന്റെ മൊഴി ജില്ലാ കലക്ടര്‍ രേഖപ്പെടുത്തിയിരുന്നു.

ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ നിര്‍ദേശപ്രകാരം ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി നടത്തുന്ന അന്വേഷണത്തിനു പിന്നാലെയാണ് കലക്ടര്‍ കെ. ഗോപാലകൃഷ്ണനും വിശദീകരണം തേടിയത്. പരാതിക്കാരന്‍ എന്‍സി മുഹമ്മദ് ശരീഫ് തുടക്കം മുതലുണ്ടായ വീഴ്ചകള്‍ കലക്ടറുടെ മുമ്പില്‍ വിവരിച്ചു.

മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന 2 ഡോക്ടര്‍മാര്‍ അടക്കമുളളവരുടെ വിശദീകരണം അറിയാനുണ്ട്. സ്വകാര്യ ആശുപത്രികളില്‍ സംഭവിച്ച വീഴ്ചകളുടെ തെളിവു ഹാജരാക്കാന്‍ മുഹമ്മദ് ശരീഫിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗത്തിലെ ഉന്നതരുടെ ഭാഗത്തു നിന്ന് വീഴ്ച സംഭവിച്ചതായി നേരത്തേയും പരാതികള്‍ ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസമാണ് വിവിധ ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണിയുടെ ഇരട്ടക്കുഞ്ഞുങ്ങള്‍ മരിച്ചത്. മലപ്പുറം കിഴിശേരി സ്വദേശി എന്‍സി മുഹമ്മദ് ശരീഫിന്റെ ഇരട്ടക്കുഞ്ഞുങ്ങളാണ് മരിച്ചത്. 14 മണിക്കൂര്‍ ഗര്‍ഭിണിയായ ഭാര്യയേയും തേടി ആശുപത്രികള്‍ കയറിയിറങ്ങിയ ശരീഫ്, ഒടുക്കം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തുകയായിരുന്നു. ഭാര്യയെ കോവിഡ് രോഗം വന്ന ആളാണെന്നു പറഞ്ഞായിരുന്നു ആശുപത്രികള്‍ മാറ്റിനിര്‍ത്തിയത്.