ഇംഫാല്‍: മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോം ഷര്‍മിള കേരളത്തിലേക്ക് വരുന്നു. മണിപ്പൂര്‍ വിടുകയാണെന്നും കേരളത്തിലെ ആശ്രമത്തില്‍ കുറച്ചു നാള്‍ കഴിയുമെന്നും ഇറോം മാധ്യമങ്ങളോട് പ്രതികരിച്ചു. ഇംഫാലില്‍ മലയാളിയായ സിസ്റ്റര്‍ പൗളിന്‍ നടത്തുന്ന കാര്‍മല്‍ ജ്യോതി ആശ്രമത്തിലാണ് ഇറോം ഷര്‍മിള ഇപ്പോള്‍ കഴിയുന്നത്. എച്ച്‌ഐവി ബാധിതരായ കുട്ടികളോടൊപ്പമാണ് ഇറോം നിലവിലുള്ളത്. ഇവര്‍ക്കൊപ്പം സമയം ചെലവഴിക്കുമ്പോള്‍ മനസ്സിന് ആശ്വാസം ലഭിക്കുന്നതായി ഇറോം പറഞ്ഞു. എവിടെ ജീവിക്കണമെന്നറിയില്ല. എന്നാല്‍ എവിടെ ജീവിച്ചാലും ആളുകളെ സേവിക്കണമെങ്കില്‍ അതിന് സാധിക്കും. അതിന് സന്നദ്ധതയാണ് വേണ്ടതെന്നും ഇറോം പറഞ്ഞു.

irom-sharmila-7591
തെരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് ഇന്നലെ ഇറോം പറഞ്ഞിരുന്നു. 16 വര്‍ഷത്തോളം മണിപ്പൂരിലെ പ്രത്യേക സൈനികാധികാരത്തിന് (അഫ്‌സ്പ) എതിരെ നിരാഹാരസമരം നടത്തിയ ഇറോമിനെ കന്നിയങ്കത്തില്‍ മണിപ്പൂര്‍ ജനത കൈവിട്ടിരുന്നു. നോട്ടക്കും പുറകിലെ സ്ഥാനമാണ് ജനങ്ങള്‍ ഇറോമിന് നല്‍കിയത്. നോട്ട 143 വോട്ടുകള്‍ നേടിയപ്പോള്‍ ഇറോമിന് വെറും 90 ആളുകളുടെ പിന്തുണയാണ് ലഭിച്ചത്. മണിപ്പൂര്‍ മുഖ്യമന്ത്രി ഒ.ഇബോബിക്കെതിരെ തൗബാല്‍ മണ്ഡലത്തില്‍ നിന്നാണ് ഇറോം ഷര്‍മിള ജനവിധി തേടിയത്. ഇറോം രൂപം നല്‍കിയ പ്രജാ പാര്‍ട്ടിയുടെ ലേബലിലാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.