ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കരുത്തരായ മുംബൈ എഫ്.സിയ്ക്ക് കൂറ്റന്‍ ജയം. ഒന്നിനെതിരേ ആറുഗോളുകള്‍ക്ക് ലീഗിലെ അവസാന സ്ഥാനക്കാരായ ഒഡിഷ എഫ്.സിയെയാണ് മുംബൈ പരാജയപ്പെടുത്തിയത്.

മുംബൈയ്ക്ക് വേണ്ടി ബിപിന്‍ സിങ് ഹാട്രിക്ക് നേടിയപ്പോള്‍ ബര്‍ത്തലോമ്യു ഒഗ്ബെച്ചെ ഇരട്ട ഗോളുകളുമായി തിളങ്ങി. മറ്റൊരു ഗോള്‍ സായ് ഗൊദാര്‍ഡ് നേടി. ഡീഗോ മൗറീഷ്യോ ഒഡിഷയുടെ ആശ്വാസ ഗോള്‍ നേടി. ഈ സീസണിലെ ആദ്യ ഹാട്രിക്ക് നേടിക്കൊണ്ട് ബിപിന്‍ സിങ് മത്സരത്തിലെ താരമായി.

ഈ വിജയത്തോടെ മുംബൈ പ്ലേ ഓഫ് ഉറപ്പിച്ചു. നിലവില്‍ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് മുംബൈ. ഒഡിഷ അവസാന സ്ഥാനത്തും തുടരുന്നു. ആദ്യ പാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മുംബൈ തന്നെയാണ് വിജയിച്ചത്.