കൊച്ചി: ഇസ്‌ലാം മതം സ്വീകരിച്ചതിന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തന്നെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നതായി കാണിച്ച് യുവാവിന്റെ വീഡിയോ.

മതം മാറിയത്തിനു ശേഷം ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ വിവരിക്കുന്നതാണ് വീഡിയോ.

എറണാകുളം സ്വദേശി സന്ദീപാണ് തനിക്ക് ആര്‍എസ്എസ് വധഭീഷണിയുള്ളതായി വെളിപ്പെടുത്തിയത്.

കോഴിക്കോട് മുഖദാറിലെ തര്‍ബിയ്യത്തുല്‍ ഇസ്‌ലാം സഭയില്‍ നിന്നാണ് താനും കുടുംബവും ഒരു വര്‍ഷം മുമ്പ് ഇസ്‌ലാം മതം സ്വീകരിച്ചത്. സ്വന്തം താല്‍പര്യപ്രകാരമാണ് തങ്ങള്‍ മതമാറ്റത്തിനായി കോഴിക്കോട്ടെത്തിയത്.

മതപഠനത്തിനു ശേഷം പുറത്തിറങ്ങിയ തങ്ങളെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നിരന്തരം വേട്ടയാടുകയാണെന്ന് യുവാവ് പറഞ്ഞു.

സുഹൃത്തായി ഒപ്പം കൂടിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ തങ്ങളെ കോഴിക്കോട് ചെറുവണ്ണൂരിലെ കേന്ദ്രത്തിലെത്തിച്ചു. ഇതിനു ശേഷം ആര്‍എസ്എസുകാര്‍ തങ്ങളോട് ക്രൂരമായി പെരുമാറിയതായി യുവാവ് പറയുന്നു.

ജനം ടിവിയല്‍ വന്നത് കത്തിമുനയില്‍ പറയിപ്പിച്ചത്

ആര്‍എസ്എസുകാര്‍ ഭീഷണിപ്പെടുത്തി തന്നെ കൊണ്ട് തര്‍ബിയ്യത്തുല്‍ ഇസ്‌ലാം സഭക്കെതിരെ പലതും പറയിപ്പിച്ചിട്ടുണ്ട്. ഇത് ജനം ടിവി സംപ്രേക്ഷണം ചെയ്തിരുന്നു. അഭിമുഖം തങ്ങളെ കത്തിമുനയില്‍ നിര്‍ത്തി പറയിപ്പിച്ചതാണെന്ന് യുവാവ് പറഞ്ഞു.

പിഞ്ചു മകന്റെ ജീവനെ കരുതിയാണ് തര്‍ബിയ്യത്തിനെതിരെ ആരോപണങ്ങള്‍ പറഞ്ഞത്. ഇതില്‍ അതിയായ ഖേദമുണ്ട്.

കോഴിക്കോട്ട് നിന്ന് രക്ഷപ്പെട്ട് എറണാകുളത്ത് എത്തിയെങ്കിലും ആര്‍എസ്എസുകാരുടെ ഭീഷണി വര്‍ധിക്കുകയാണ് ചെയ്തത്. ഇത് ചിലപ്പോള്‍ തന്റെ അവസാന വീഡിയോ ആയിരിക്കുമെന്നും ആര്‍എസ്എസുകാര്‍ തന്നെയും കുടുംബത്തെയും ഇല്ലാതാക്കുമെന്നും യുവാവ് വീഡിയോയില്‍ പറയുന്നു.

 

Watch Video: