News

വെസ്റ്റ് ബാങ്കിൽ ആക്രമണം വ്യാപിപ്പിച്ച് ഇസ്രാഈല്‍; 12 ഫലസ്തീനികൾ കൊല്ലപ്പെട്ടു

By webdesk13

January 23, 2025

അധിനിവേശ വെസ്റ്റ് ബാങ്കില്‍ ആക്രമണം ശക്തമാക്കി ഇസ്രാഈല്‍. വെസ്റ്റ് ബാങ്കിലെ ജെനിന്‍ മേഖലയിലാണ് ഇസ്രാഈല്‍ മൂന്നാം ദിവസവും ആക്രമണം കനപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ പ്രദേശത്ത് 10 പേര്‍ കൊല്ലപ്പെടുകയും 40 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇന്ന് രണ്ട് പേര്‍ കൂടി കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പിനെ വാസയോഗ്യമല്ലാതാക്കുന്ന തരത്തിലുള്ള ആക്രമണങ്ങളാണ് പ്രദേശത്ത് ഇസ്രാഈല്‍ നടത്തുന്നതെന്നും മാധ്യമറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഹെബ്രോണ്‍, നബ്ലസ്, തുല്‍ക്കറെം, റമല്ല, ജറുസലേം എന്നീ ഗവര്‍ണറേറ്റുകളില്‍ നിന്ന് 22 ഫലസ്തീനികളെ കഴിഞ്ഞ ദിവസങ്ങളിലായി ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്തിരുന്നു. ജെനിനില്‍ മാത്രമല്ല വെസ്റ്റ് ബാങ്കിലുടനീളം സാഹചര്യങ്ങള്‍ ഭയാനകമാണെന്ന് അവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.

ഇസ്രാഈലി റെയ്ഡുകളും സ്വതന്ത്രമായി സഞ്ചരിക്കാന്‍ പോലുമുള്ള നിയന്ത്രണങ്ങളും ജനജീവിതം ദുസ്സഹമാക്കുകയാണെന്ന് ഫലസ്തീന്‍ ആക്ടിവിസ്റ്റ് ഹംസ സുബീദത്ത് അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറയോട് പറഞ്ഞു. മൂന്ന് ദിവസമായി പ്രദേശത്ത് റെയ്ഡ് തുടരുകയാണെന്നും ഹംസ സുബീദത്ത് വ്യക്തമാക്കി.

അതേസമയം, വെടിനിര്‍ത്തല്‍ തുടരുന്ന സാഹചര്യത്തില്‍ ഗസ്സ മേഖലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി യുഎന്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി വിവിധ സംഘനകളുടെ സഹായത്തോടെ ഭക്ഷണവിതരണം വര്‍ധിപ്പിക്കുകയും, ബേക്കറികള്‍ വീണ്ടും തുറക്കുകയും, ആശുപത്രികള്‍ പുനഃസ്ഥാപിക്കുകയും, ജല ശൃംഖലകള്‍ നന്നാക്കുകയും, ആളുകളെ പുനരധിവസിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും യുഎന്‍ വ്യക്തമാക്കി.