News

വിട്ടയച്ച തടവുകാരെ റമദാനിൽ അൽ അഖ്സ പള്ളിയിൽ പ്രവേശിപ്പിക്കില്ലെന്ന് ഇസ്രാഈല്‍

By webdesk13

February 25, 2025

ഗസ്സ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി മോചിപ്പിച്ച ഫലസ്തീനികള്‍ക്ക് മസ്ജിദുല്‍ അഖ്‌സയില്‍ പ്രവേശനം നിഷേധിക്കാനൊരുങ്ങി ഇസ്രാഈല്‍. മോചിതരായ ഫലസ്തീന്‍ തടവുകാരെ ഈ റമദാനില്‍ മസ്ജിദുല്‍ അഖ്‌സയിലേക്ക് അടുപ്പിക്കുകയില്ലെന്നാണ് ഇസ്രാഈലിന്റെ നിലപാടെന്ന് ഇസ്രാഈല്‍ മീഡിയ തന്നെയാണ് റിപ്പോര്‍ട്ട് ചെയ്തത്.

റമദാന് മുന്നോടിയായി അല്‍ അഖ്‌സ പള്ളിയുടെ സുരക്ഷ ഇസ്‌റാഈല്‍ വര്‍ധിപ്പിക്കുന്നുണ്ടെന്ന് ഇസ്രാഈല്‍ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയുടെ അറയിപ്പില്‍ വ്യക്തമാവുന്നു. 3,000 പൊലിസുകാരെ ജറുസലേമിലേക്കും അല്‍ അഖ്‌സയിലേക്കുമുള്ള പാതയിലെ ചെക്ക് പോയിന്റുകളില്‍ വിന്യസിക്കാനാണ് ഇസ്രാഈലിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അധിനിവേശ വെസ്റ്റ് ബാങ്കില്‍ നിന്ന് 10,000 ഫലസ്തനികള്‍ക്ക് മാത്രമേ റമാദാനില്‍ പള്ളയില്‍ പ്രവേശിക്കാനുള്ള പെര്‍മിറ്റ് അനുവദിക്കികയുള്ളുവെന്നും ഇസ്രാഈല്‍ അറിയിപ്പില്‍ പറയുന്നു.

55ന് വയസിന് മുകളിലുള്ള പുരുഷന്‍മാര്‍ക്കും 50 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്കുമാണ് പ്രഥമ പരിഗണന നല്‍കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുതിര്‍ന്നവര്‍ക്കൊപ്പം മാത്രമേ കുട്ടികളെ പള്ളികളില്‍ പ്രവേശിപ്പിക്കൂ എന്നും നിര്‍ദ്ദേശങ്ങളിലുണ്ട് അതേസമയം, നിര്‍ദേശങ്ങള്‍ ഇസ്‌റാഈല്‍ സര്‍ക്കാര്‍ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെന്നാണ് സൂചന.

റമദാനില്‍ എല്ലാ വര്‍ഷവും അല്‍ അഖ്‌സ പള്ളിയിലേക്കുള്ള പ്രവേശനത്തില്‍ ഫലസ്തീനികള്‍ ഇസ്രാഈലിന്റെ നിയന്ത്രണം നേരിടാറുണ്ട്. അല്‍ അഖ്‌സ സന്ദര്‍ശനത്തിന് വരുന്നവര്‍ക്ക് നേരെ അതിക്രമങ്ങളും ഇസ്‌റാഈല്‍ അഴിച്ചു വിടാറുമുണ്ട്. മുസ്‌ലിംകളുടെ മൂന്നാമത്തെ വിശുദ്ധസ്ഥലമാണ് അല്‍ അഖ്‌സ പള്ളി. വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഇസ്രാഈല്‍ ബന്ദികളെ കൈമാറുന്നതിന് പകരമായി നിരവധി ഫലസ്തീനികളെ ഇസ്രാഈല്‍ വിട്ടയച്ചിരുന്നു.