Connect with us

News

‘ഇസ്രാഈല്‍ സേനയ്ക്ക് ഇനി ഒന്നും ഗാസയില്‍ ചെയ്യാനില്ല’; സൈനിക പിന്മാറ്റം സാധ്യമാകാത്തതിന് കാരണക്കാരന്‍ നെതന്യാഹുവെന്ന് മുന്‍ പ്രതിരോധമന്ത്രി

ബന്ദികളെ കൈമാറിക്കൊണ്ട് ഒരു സമാധാന കരാറിലെത്താമെന്ന ധാരണയെ നെതന്യാഹു തള്ളിക്കഞ്ഞെന്നും മുന്‍ പ്രതിരോധമന്ത്രി വെളിപ്പെടുത്തി.

Published

on

ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുകളും വിമര്‍ശനങ്ങളും ഉന്നയിച്ച് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി യോവ് ഗാലന്റ്. ഗാസയില്‍ സാധ്യമായ എല്ലാ ലക്ഷ്യങ്ങളും പൂര്‍ത്തിയാക്കി കഴിഞ്ഞിട്ടും സൈന്യത്തെ പിന്‍വലിക്കാത്തതിന് പിന്നില്‍ നെതന്യാഹു മാത്രമാണെന്ന് ഗാലന്റ് കുറ്റപ്പെടുത്തി.

ബന്ദികളെ കൈമാറിക്കൊണ്ട് ഒരു സമാധാന കരാറിലെത്താമെന്ന ധാരണയെ നെതന്യാഹു തള്ളിക്കഞ്ഞെന്നും മുന്‍ പ്രതിരോധമന്ത്രി വെളിപ്പെടുത്തി. പുറത്താക്കലിന് പിന്നാലെ ഹമാസ് ബന്ദികളാക്കിയ ഇസ്രാഈലി പൗരന്‍മാരുടെ കുടുംബാംഗങ്ങളോട് സംസാരിക്കുകയായിരുന്നു ഗാലന്റ്.

” ഗാസയില്‍ ഇനി ഒന്നും ചെയ്യാനില്ല. പ്രധാനനേട്ടങ്ങളെല്ലാം കൈവരിച്ചു. ഇനിയും ഗാസയില്‍ തുടരുന്നതില്‍ സൈനികമായൊരു കാരണവും ചൂണ്ടിക്കാട്ടാനില്ല. തുടരുന്നതിന് പിന്നില്‍ ഗാസ വിടാനാകില്ലെന്ന ആഗ്രഹം മാത്രമായേ കാണാനാകൂ” – ഗാലന്റ് പറഞ്ഞു. ഗാസയില്‍ ഇസ്രാഈലിന് ഒരു തുടര്‍ച്ചയും സ്ഥിരതയും ലഭിക്കാനായാണ് ഇപ്പോഴത്തെ നീക്കങ്ങളെങ്കില്‍ അത് രാജ്യത്തെ സൈനികരുടെ ജീവന്‍ അപകടത്തിലാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ബന്ദി മോചനത്തില്‍ നെതന്യാഹുവിന്റെ പരിഗണനാവിഷയങ്ങള്‍ എന്തൊക്കെയാണെന്നതില്‍ സംശയവും ആശങ്കയും ഗാലന്റ് പങ്കുവെച്ചു. ബന്ദികളെ കൈമാറി ഒരു ഒത്തുതീര്‍പ്പിലോ സമാധാനക്കരാറിലോ എത്താന്‍ നെതന്യാഹു തന്നെ വിചാരിക്കണം.

സമാധാന കരാര്‍ എന്ന ലക്ഷ്യത്തില്‍ നിന്ന് നെതന്യാഹു പിന്‍മാറിയത് അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഉപദേശപ്രകാരം മാത്രമായിരുന്നെന്നും ഗാലന്റ് കുറ്റപ്പെടുത്തി. കഴിഞ്ഞ മെയ് മുതല്‍ ഇത്തരത്തിലൊരു കരാറിലെത്താന്‍ അമേരിക്കന്‍ സഹായത്തോടെ ഇസ്രാഈല്‍ നീക്കങ്ങള്‍ നടത്തിവരികയാണ്. നെതന്യാഹുവിന്റെ കര്‍ശനനിലപാടാണ് ഈ നീക്കങ്ങള്‍ക്കെല്ലാം വെല്ലുവിളിയാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

” ഫിലഡല്‍ഫി ഇടനാഴി മേഖലയില്‍ ഇപ്പോഴൊരു സുരക്ഷാ പ്രശ്‌നവുമില്ലെന്ന് ഞാനും സൈനിക മേധാവിയും പറഞ്ഞു. എന്നാല്‍ നെതന്യാഹു അത് അംഗീകരിച്ചില്ല. നയതന്ത്ര കാരണങ്ങളാല്‍ അവിടെ സൈന്യം തുടരണമെന്നായിരുന്നു നെതന്യാഹുവിന്റെ ന്യായീകരണം. എന്നാല്‍ അത്തരത്തിലൊരു നയതന്ത്ര കാരണവും അവശേഷിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം” – മുന്‍ പ്രതിരോധമന്ത്രി തുറന്നടിച്ചു.

ഗാലന്റിന്റെ വെളിപ്പെടുത്തല്‍ വന്‍ കോളിളക്കങ്ങളാണ് ഇസ്രാഈലില്‍ സൃഷ്ടിച്ചിരിക്കുന്നത്. ഹമാസ് ബന്ദികളാക്കിയ നിരവധിപേരുടെ കുടുംബങ്ങളും പ്രതിപക്ഷവും നെതന്യാഹു സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവും പ്രതിഷേധവുമായി രംഗത്തെത്തി. ഇസ്രാഈല്‍ സേനയെ ഗാസയില്‍ നിലനിര്‍ത്തുന്നതിന് പിന്നില്‍ തിരഞ്ഞെടുപ്പ് വൈകിക്കുക എന്ന നെതന്യാഹുവിന്റെ ലക്ഷ്യമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഭരണം നഷ്ടപ്പെടുമെന്ന ഭയമാണ് ഇപ്പോള്‍ നെതന്യാഹുവിനുള്ളതെന്നും പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ വിമര്‍ശിച്ചു.

കഴിഞ്ഞദിവസമാണ് പ്രതിരോധമന്ത്രി യോവ് ഗാലന്റിനെ നെതന്യാഹു പുറത്താക്കിയത്. പകരം ഇസ്രയേല്‍ കാറ്റ്‌സിനെയാണ് പ്രതിരോധമന്ത്രിയായി നിയമിച്ചത്. നെതന്യാഹുവും ഗാലന്റും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കൂടുകയും പൊതുജനങ്ങളിലേക്ക് അത് എത്തി മോശമായ പ്രത്യാഘാതങ്ങളുണ്ടാക്കുകയും ചെയ്തതായി പുറത്താക്കിക്കൊണ്ടുള്ള പ്രസ്താവനയില്‍ പ്രധാനമന്ത്രി വിശദീകരിച്ചിരുന്നു . ഇത് ശത്രുക്കള്‍ മനസിലാക്കുകയും നേട്ടമുണ്ടാക്കുകയും ചെയ്തതായും ചൂണ്ടിക്കാട്ടിയായിരുന്നു പുറത്താക്കല്‍. അതേസമയം ഗാസയില്‍ ഇസ്രാഈല്‍ വ്യോമാക്രമണം തുടരുകയാണ്. നൂറിലേറെ പേരാണ് ഇന്നലെ മാത്രം കൊല്ലപ്പെട്ടത്.

kerala

വയനാട് ദുരന്തം; വീട് വെക്കാന്‍ ഇനിയും സര്‍ക്കാരിനെ കാത്തിരിക്കാനാവില്ല: പി കെ കുഞ്ഞാലിക്കുട്ടി

ദുരന്തമുണ്ടായിട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും വീട് വെക്കാനുള്ള ഭൂമിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Published

on

ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും ദുരിത ബാധിതര്‍ക്ക് വീടുകള്‍ വാഗ്ദാനം ചെയ്തവരെ ഇനിയും ബന്ധപ്പെടാതെ സര്‍ക്കാര്‍. വീടുകള്‍ നിര്‍മിച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കിയവരുടെ പട്ടിക പോലും സര്‍ക്കാരിന്റെ കൈവശമില്ലെന്നാണ് ആക്ഷേപം. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ഇനിയും സര്‍ക്കാരിനെ കാത്തുനില്‍ക്കാനാകില്ലെന്ന് മുസ്‌ലീഗ് വ്യക്തമാക്കി.

വീട് നിര്‍മാണം തുടങ്ങുന്നതിന്റെ കാര്യങ്ങള്‍ സംസാരിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി കെ.രാജനെയും ഓഫിസില്‍ പോയി കണ്ടിരുന്നതായും ഇനി സ്വന്തം വഴി തേടേണ്ടി വരുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. 100 വീടുകളാണ് ലീഗ് നിര്‍മിക്കാമെന്ന് വാഗ്ദാനം ചെയ്തത്. ദുരന്തമേഖലയില്‍ മുസ്ലിം ലീഗ് അടിയന്തര ധനസഹായ വിതരണവും നടത്തിയിരുന്നു. ദുരന്തമുണ്ടായിട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും വീട് വെക്കാനുള്ള ഭൂമിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

Continue Reading

kerala

വടകരയില്‍ ഒമ്പത് വയസുകാരിയെ കാര്‍ ഇടിച്ച് കടന്ന് കളഞ്ഞ സംഭവം; വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുത്തു

വടകര പുറമേരി സ്വദേശി ഷെജീലിന്റേതാണ് കാറെന്ന് പൊലീസ് കണ്ടെത്തി.

Published

on

വടകരയില്‍ ഒമ്പത് വയസുകാരിയെ കാര്‍ ഇടിച്ച് കടന്ന് കളഞ്ഞ സംഭവത്തില്‍ വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ദൃഷാനയെയും മുത്തശ്ശിയെയും ഇടിച്ചിട്ട് കടന്നു കളഞ്ഞ വാഹനമാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തുത്.

വടകര പുറമേരി സ്വദേശി ഷെജീലിന്റേതാണ് കാറെന്ന് പൊലീസ് കണ്ടെത്തി. ഇയാള്‍ അപകടത്തിന് ശേഷം വിദേശത്തേക്ക് കടന്നുവെന്നാണ് വിവരം. പ്രതിയെ നാട്ടിലെത്തിക്കാന്‍ നടപടി ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.

വെള്ള കാറാണ് എന്ന തെളിവ് മാത്രമേ പൊലീസിന് ലഭ്യമായിരുന്നുള്ളൂ. നിരന്തരം നടത്തിയ അന്വേഷണത്തിലൊടുവിലാണ് വാഹനം കണ്ടെത്തിയത്. മതിലില്‍ ഇടിച്ച കാര്‍ ഇന്‍ഷ്വറന്‍സ് ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് വാഹനം ശ്രദ്ധയില്‍പ്പെട്ടത്. ഇങ്ങനെയാണ് പ്രതിയിലേക്ക്് എത്തുന്നത്. അപകടത്തിന് ശേഷം ഇയാള്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് കോഴിക്കോട് റൂറല്‍ എസ് പി പി നിധിന്‍ രാജ് വ്യക്തമാക്കി.

ഫെബ്രുവരി 17 നാണ് വടകര ചോറോടില്‍ അപകടം നടന്നത്. സംഭവത്തില്‍ കുട്ടിയ്ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും മുത്തശ്ശി മരണപ്പെടുകയും ചെയ്തിരുന്നു. ഇരുവരെയും ഇടിച്ചുവീഴ്ത്തിയ കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. പിന്നീട് അന്വേഷണ സംഘം കാര്‍ കണ്ടെത്താന്‍ നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവെങ്കിലും വാഹനം കണ്ടെത്താനായിരുന്നില്ല.

ഒമ്പത് വയസുകാരിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ആറ് മാസമായി കോമയിലായ കുട്ടിയുടെ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജില്‍ സ്ഥിര താമസമാണ് കുടുംബം.

 

 

Continue Reading

kerala

എഡിഎമ്മിന്റെ മരണം; അന്വേഷണത്തിന് തയാറെന്ന് സിബിഐ, എതിര്‍ത്ത് സര്‍ക്കാര്‍

വിശദമായി വാദം കേള്‍ക്കാന്‍ വ്യാഴാഴ്ച ഹര്‍ജി പരിഗണിക്കും.

Published

on

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുബം നല്‍കിയ ഹര്‍ജിയില്‍ കോടതി ആവശ്യപ്പെട്ടാല്‍ അന്വേഷണത്തിന് തയാറെന്ന് സിബിഐ. എന്നാല്‍ അന്വേഷണം ശരിയായ ദിശയിലാണെന്നും സിബിഐ വേണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതോടെ വിശദമായി വാദം കേള്‍ക്കാന്‍ വ്യാഴാഴ്ച ഹര്‍ജി പരിഗണിക്കും.

അതേസമയം കേസ് ഏറ്റെടുക്കാന്‍ സിബിഐ തയ്യാറാണോ എന്നല്ല മറിച്ച് സിബിഐ അന്വേഷണം അനിവാര്യമാണോ എന്നാണ് അന്വേഷിക്കുന്നതെന്നും കോടതി വ്യക്തമാക്കി. അന്വേഷണം ശരിയായ ദിശയിലാണോ എന്നും പരിശോധിക്കും. അന്വേഷണം പക്ഷപാതപരമാണെന്ന് ബോധ്യപ്പെടാന്‍ കോടതിക്ക് വ്യക്തമായ തെളിവ് വേണമെന്നും കോടതി പറഞ്ഞു.

എഡിഎമ്മിന്റെ മരണം കൊലപാതകമാണെന്ന് കുടുംബം സംശയം ഉന്നയിച്ചതിന് പിന്നാലെയാണ് കോടതിയുടെ പ്രതികരണം. ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

 

 

Continue Reading

Trending