News

ഗസ്സയില്‍ ഇസ്രാഈല്‍ ആക്രമണം തുടരുന്നു; 24 മണിക്കൂറിനിടെ 89 പേര്‍ മരിച്ചു

By webdesk17

August 13, 2025

ഗസ്സയില്‍ ഇസ്രാഈല്‍ ആക്രമണം തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 89 പേര്‍ ഗസ്സയില്‍ കൊല്ലപ്പെട്ടത്. ഇവരില്‍ 36 പേര്‍ ഭക്ഷ്യവിതരണ കേന്ദ്രങ്ങളില്‍ സഹായംതേടിയെത്തിയവരാണ്. പട്ടിണി മൂലം 5 പേര്‍ കൂടി മരിച്ചു. ഇതില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടുന്നു. ഇതോടെ പട്ടിണി മൂലം മരിച്ചവരുടെ എണ്ണം 227 ആയി. ഇവരില്‍ 103 പേര്‍ കുട്ടികളാണ്.

ഗസ്സയുടെ പട്ടിണി മാറ്റാന്‍ കൂടുതല്‍ സഹായം ഉടന്‍ ലഭ്യമാക്കണമെന്ന് 27 രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. യു.കെ, കനഡ, ആസ്ത്രേലിയ, ജപ്പാന്‍ എന്നിവക്കു പുറമെ 23 യൂറോപ്യന്‍ രാജ്യങ്ങളും ചേര്‍ന്നാണ് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്.

ഗസ്സ യുദ്ധം ഉടന്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ട് തെല്‍ അവീവിലെ സൈനിക ആസ്ഥാനത്തിനു മുമ്പാകെ ഇസ്രാഈല്‍ വ്യോമസേനയിലെ നിരവധി പൈലറ്റുമാര്‍ പ്രതിഷേധിച്ചു. അതേസമയം വെടിനിര്‍ത്തല്‍ ചര്‍ച്ചക്കായി ഇസ്രാഈല്‍ സംഘം അടുത്ത ആഴ്ച ദോഹയിലെത്തും.

അനസ് അല്‍ ശരീഫ് ഉള്‍പ്പെടെ 5 അല്‍ജസീറ മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ ഇസ്രാഈലിനെതിരെ കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തുവന്നു. സയണിസ്റ്റ് അതിക്രമങ്ങള്‍ക്കെതിരെ ഫലസ്തീനില്‍ ചെറുത്തുനില്‍പിന് നേതൃത്വം നല്‍കി രക്തസാക്ഷിയായ ഇസ്സുദ്ദീന്‍ അല്‍ ഖസ്സാമിന്റെ ഖബറിടം പൊളിച്ചുമാറ്റണമെന്ന് ഇസ്രാഈല്‍ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ ആവശ്യപ്പെട്ടു.