റാമല്ല: അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ ഫലസ്തീന്‍ യുവാവിനെ ഇസ്രായേല്‍ അധിനിവേശ സൈന്യം കൊലപ്പെടുത്തി. കത്തിയുമായി സൈന്യത്തെ ആക്രമിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് യുവാവിനെ ഇസ്രയേല്‍ സൈന്യം വെടിവച്ച് കൊന്നത്. ബെത്‌ലഹേമിന് തെക്കുള്ള ഗുഷ് എറ്റ്‌സിയോണ്‍ കവലയില്‍വച്ച് മൂന്നു കത്തികള്‍ ഘടിപ്പിച്ച വടിയുമായി ഇദ്ദേഹം ഇസ്രായേല്‍ സൈന്യത്തെ ആക്രമിക്കാന്‍ ശ്രമിച്ചെന്നാണ് ഇസ്രായേല്‍ സൈന്യം ആരോപിക്കുന്നത്.

ഇസ്രായേല്‍ സൈന്യത്തിലെ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ബെത്‌ലഹേമിന് തെക്ക് വച്ച് ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് ഫലസ്തീനി കൊല്ലപ്പെട്ടതായി ഫലസ്തീനിയന്‍ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. വെടിവയ്പില്‍ പരിക്കേറ്റ് രക്തംവാര്‍ന്നാണ് ഫലസ്തീനി മരിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ജാക്കറ്റ് ധാരിയായ ഒരാള്‍ ഹൈവേയിലൂടെ നടന്ന് നീങ്ങുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയില്‍ കാണാം.

കഴിഞ്ഞ ആഴ്ച വടക്കന്‍ വെസ്റ്റ് ബാങ്കില്‍ കത്തികൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് 17കാരനായ ഫലസ്തീന്‍ കൗമാരക്കാരനെ ഇസ്രായേല്‍ സൈന്യം വെടിവെച്ചുകൊന്നിരുന്നു.