ഏങ്ങണ്ടിയൂരില്‍ പൊലീസിന്റെ ക്രൂരപീഡനത്തിന് ഇരയായി ദളിത് യുവാവ് വിനായകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഫ്രീക്കന്‍മാരുടെ സംഗമം നടന്നു. ഫ്രീക്ക്‌സ് യുണൈറ്റഡ് എന്ന് ഹാഷ് ടാഗിട്ട കൂട്ടായ്മയില്‍ നൂറ് കണക്കിന് പേര്‍ പാടിയും കൊട്ടിയും പ്രതിഷേധം തീര്‍ത്തു.

പാടിയും താളമിട്ടും ചിത്രം വരച്ചും ഫ്രീക്കന്‍മാര്‍ ഒത്തുചേര്‍ന്നു. വിനായകന് വേണ്ടി. ഇനിയൊരു വിനായകന്‍ ഉണ്ടാവാതിരിക്കാന്‍ വേണ്ടി. ഒരൊറ്റ കൂട്ടായ്മ ആയിരുന്നില്ല. പലരും പല കൂട്ടങ്ങളായി സര്‍ഗാത്മകതയുടെ പ്രതിഷേധം തീര്‍ത്തു. പ്രമുഖ മ്യൂസിക് ബാന്‍ഡായ ഊരാളിയാണ് കൂട്ടായ്മക്ക് വേദിയൊരുക്കിയത്. മുടി വളര്‍ത്തിയതിന്റെയും താടി വളര്‍ത്തിയതിന്റെയും പേരില്‍ പൊലീസില്‍ നിന്നും സമൂഹത്തില്‍ നിന്നും പീഡനങ്ങള്‍ അനുഭവിച്ചവരായിരുന്നു ഒത്തുചേര്‍ന്നവരില്‍ ഭൂരിഭാഗവും.

എഴുത്തുകാരി സാറാ ജോസഫ് അടക്കമുള്ളവര്‍ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായെത്തി. ഇതിനിടെ മുടി വെട്ടുന്ന പരിപാടി പൊലീസ് ചെയ്യേണ്ടതില്ലെന്ന് ലോക്‌നാഥ് ബെഹ്‌റ മുന്നറിയിപ്പ് നല്‍കി. ഓരോരുത്തര്‍ക്കും വ്യക്തിസ്വാതന്ത്ര്യമുണ്ടെന്ന് പൊലീസുകാര്‍ മനസിലാക്കണമെന്നും ഡിജിപി പറഞ്ഞു.

വിനായകന്റെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ഇറ്റ്‌സ്മര്‍ഡര്‍ എന്ന ഹാഷ്ടാഗോടെ ഇയര്‍ന്ന പ്രതിഷേധത്തിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഫ്രീക്ക്‌സ് യുണൈറ്റഡ് സംഗമം സംഘടിപ്പിക്കപ്പെട്ടത്.

അതേസമയം സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച വിനായകന്‍ തൂങ്ങിമരിച്ച സംഭവം െ്രെകംബ്രാഞ്ച് അന്വേഷിക്കും. അന്വേഷണത്തിന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു. വാടാനപ്പിള്ളി സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് അന്വേഷിക്കുക.

വീഡിയോ