കാസര്‍കോട്: മുളിയാര്‍ പഞ്ചായത്തിലെ പൊവ്വലില്‍ മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകനെ  കുത്തിക്കൊന്നു. മുളിയാര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡ് സെക്രട്ടറി യുസുഫിന്റെ മകനും പൊവ്വല്‍ ശാഖ മുസ്‌ലിം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ടുമായ അബ്ദുല്‍ ഖാദര്‍ (19) ആണ് മരണപ്പെട്ടത്. ഇന്നലെ വൈകീട്ട് നാലു മണിക്ക് ബോവിക്കാനം ടൗണില്‍ വെച്ചാണ് സംഭവം. ഇന്ന് വൈകുന്നേരം ഗള്‍ഫിലേക്ക് പോവാനിരിക്കെയാണ് ഖാദര്‍ കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന പൊവ്വലിലെ അഫിയാദ്(22), സത്താദ്(22) എന്നിവര്‍ക്കും കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഫുട്ബോള്‍ കളിയെചൊല്ലി ക്ലബ്ബ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘട്ടനമുണ്ടായിരുന്നു. ഇതിലെ പ്രതികളായ പാര്‍ട്ടി പ്രവര്‍ത്തകരെ പൊലീസ് മര്‍ദ്ദിച്ചുവെന്നാരോപിച്ച് സി.പി.എം രംഗത്ത് വന്നിരുന്നു. ഇതിനിടെയാണ് യൂത്ത് ലീഗ് പ്രവര്‍ത്തകനെ സി.പി.എമ്മുകാര്‍ കുത്തിക്കൊലപ്പെടുത്തിയത്. മാതാവ് അഫ്സ. സഹോദരങ്ങള്‍: സുഹൈല്‍, മഹഫൂസ്, ഫാത്തിമ, ഫായിമ.

സംഭവത്തെ തുടര്‍ന്ന് ജില്ലാ പൊലീസ് ചീഫ് തോംസണ്‍ ജോസിന്റെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി. വിദ്യാനഗര്‍ സി.ഐ ബാബു പെരിങ്ങേത്ത്, ആദൂര്‍ സി.ഐ സിബി തോമസ്, എസ്ഐ സന്തോഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മയ്യിത്ത് ഇന്ന് രാവിലെ പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. കൊലപാതകത്തില്‍ പ്രതിഷേധിച്ച് മുളിയാര്‍ പഞ്ചായത്തില്‍ രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു മണി വരെ മുസ്‌ലിം ലീഗ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.