കോഴിക്കോട്: മന്ത്രി കെ.ടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു. എന്‍ഫോഴ്‌സ്‌മെന്റ് മേധാവിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ന് രാവിലെയാണ് മന്ത്രിയെ ചോദ്യം ചെയ്തത്. കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. നയതന്ത്ര മാര്‍ഗത്തില്‍ വന്ന പാക്കേജുകള്‍ സംബന്ധിച്ചായിരുന്നു ചോദ്യം ചെയ്യല്‍. പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് ചോദിച്ചത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ചോദ്യം ചെയ്യലുണ്ടാവും എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം.

ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ തനിക്ക് നോട്ടീസ് കിട്ടിയിട്ടില്ല എന്നായിരുന്നു മന്ത്രി പറഞ്ഞിരുന്നത്. ഇത് കളവായിരുന്നു എന്നാണ് പുതിയ വാര്‍ത്തകള്‍ തെളിയിക്കുന്നത്. രാവിലെ ഔദ്യോഗിക വാഹനത്തില്‍ അരൂരിലെ സുഹൃത്തിന്റെ വീട്ടിലെത്തിയ മന്ത്രി പിന്നീട് സ്വകാര്യ വാഹനത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലെത്തിയത്.