ന്യൂഡല്‍ഹി: 2010ല്‍ ഡല്‍ഹി ജമാ മസ്ജിദിന് സമീപം കാര്‍ ബോംബ് സ്‌ഫോടനമുണ്ടായ കേസില്‍ പ്രതികളായ മൂന്ന് പേരെ പ്രത്യേക കോടതി വെറുതെവിട്ടു. ആവശ്യമായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സയ്യിദ് ഇസ്മാഈല്‍ അഫാഖ്, അബ്ദു സബൂര്‍, റിയാസ് അഹ്മദ് സയീദി എന്നിവരെ അഡീഷല്‍ സെഷന്‍സ് ജഡ്ജ് സിദ്ധാര്‍ത്ഥ് ശര്‍മ വെറുതെവിട്ടത്. ആയുര്‍വേദ ഡോക്ടറായ അഫാഖ് ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപകന്‍ റിയാസിനെയും ഇഖ്ബാല്‍ ഭട്കലിനെയും പാകിസ്താനില്‍വെച്ച് കാണുകയും സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിക്കുന്നതില്‍ പരിശീലനം നേടുകയും ചെയ്തതായാണ് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. അതേസമയം ഇന്ത്യന്‍ മുജാഹിദീന്‍ നേതാവ് യാസീന്‍ ഭട്കല്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ കോടതി കുറ്റംചുമത്തി. ഐ.പി.സി, യു.എ.പി.എ തുടങ്ങി നാലു വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.