ന്യൂഡല്‍ഹി: ഡല്‍ഹി ജമാ മസ്ജിദിന്റെ പുനരുദ്ധാരണത്തിനായി കേടുപാടുകള്‍ നിരീക്ഷിക്കാന്‍ എ.എസ്.ഐ സംഘം എത്തി. മസ്ജിദ് പുനരുദ്ധാരണം നടത്താനുള്ള കേന്ദ്ര തീരുമാനത്തെ തുടര്‍ന്നാണ് സന്ദര്‍ശനം. മസ്ജിദിനകത്തെ താഴികക്കുടങ്ങളിലും, തൂണുകളിലും, കമാനങ്ങളിലും പ്രത്യക്ഷപ്പെട്ട വിള്ളലുകള്‍ നേരത്തെ വാര്‍ത്തയായിരുന്നു.

കേടുപാടുകള്‍ വിലയിരുത്താനായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഡല്‍ഹി സര്‍ക്കിള്‍ ഓഫീസിലെ ഒരു സംഘം മസ്ജിദ് സന്ദര്‍ശിച്ചു. മസ്ജിദിന്റെ നിലവിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച ശേഷം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മസ്ജിദ് നവീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നു.
ഈയിടെ മസ്ജിദിന്റെ അവസ്ഥയെ ദൃശ്യമാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടിയതോടെയാണ് മസ്ജിദിന്റെ അവസ്ഥയെക്കുറിച്ച് നിരീക്ഷിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.


എത്രയും പെട്ടന്ന് നവീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനു വേണ്ട സഹായമഭ്യര്‍ത്ഥിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എഎസ്‌ഐക്കും കത്തയച്ചതായി മസ്ജിദ് ഷാഹി ഇമാം സയിദ് അഹമ്മദ് ബുഖാരി മാധ്യമങ്ങളോട് പറഞ്ഞു. എഎസ്‌ഐയുടെ സംരക്ഷണപരിധിയിലുള്ള സ്മാരകമല്ല ജമാ മസ്ജിദ്. ഡല്‍ഹി വഖഫ് ബോര്‍ഡാണ് ഇത് സംരക്ഷിക്കുന്നത്. മസ്ജിദ് പുനരുദ്ധാരണം നടത്താന്‍ വേണ്ട ഫണ്ടില്ലെന്നിരിക്കേയാണ് കേന്ദ്രസഹായം തേടിയത്.
361 വര്‍ഷം പഴക്കമുള്ള മസ്ജിദ് ഇന്ത്യയിലെ ഏറ്റവും വലിയ ചരിത്രസ്മാരകങ്ങളിലൊന്നാണ്. ദിനം പ്രതി നൂറു കണക്കിന് വിശ്വാസികളും ടൂറിസ്റ്റുകളും ഇവിടെ സന്ദര്‍ശനം നടത്താറുണ്ട്. താജ്മഹലും ചെങ്കോട്ടയും പണികഴിപ്പിച്ച ഷാജഹാന്‍ ചക്രവര്‍ത്തിയാണ് മസ്ജിദ് നിര്‍മ്മിച്ചത്.