ബംഗളൂരു: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ സ്വര്‍ണാഭരണങ്ങളും പട്ടുസാരികളും സുരക്ഷിതമാണെന്ന് അധികൃതര്‍. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിതയില്‍ നിന്ന് പിടിച്ചെടുത്ത ആഭരണങ്ങളും മറ്റും ബംഗളൂരു കോടതിയിലാണ് ഇപ്പോള്‍. കേസില്‍ സുപ്രീംകോടതിയുടെ ഉത്തരവ് വന്നതിനു ശേഷമായിരിക്കും ഇതുസംബന്ധിച്ച തുടര്‍നടപടി. പരമോന്നത നീതിപീഠത്തില്‍ നിന്ന് അനുകൂല ഉത്തരവ് പ്രതീക്ഷിക്കുന്നതായി എഐഎഡിഎംകെ നേതൃത്വം അറിയിച്ചു. ആഭരണം വിട്ടുകിട്ടിയാല്‍ ചെന്നൈയില്‍ മ്യൂസിയമുണ്ടാക്കാനാണ് അനുയായികള്‍ ശ്രമിക്കുന്നത്.
21.28 കിലോഗ്രാം സ്വര്‍ണാഭരണമാണ് ജയലളിതയുടെ പക്കലുണ്ടായിരുന്നത്. വെള്ളിയാകട്ടെ 1250 കിലോഗ്രാമും. രണ്ടു കോടി രൂപയുടെ വജ്രാഭരണങ്ങളും ജയലളിതയുടെ കൈവശമുണ്ട്. ഇതുകൂടാതെ വെള്ളിവാള്‍, പതിനായിരത്തിലധികം പട്ടുസാരികള്‍, 750 ജോഡി ചെരിപ്പുകള്‍, 50 വൈന്‍ ഗ്ലാസുകള്‍ എന്നിവയാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ ജയലളിതയില്‍ നിന്ന് പിടിച്ചെടുത്തത്.
നേരത്തെ ആര്‍ബിഐയുടെ ചെന്നൈയിലെ മന്ദിരത്തിലായിരുന്നു ജയലളിതയുടെ സ്വര്‍ണവും മറ്റും സൂക്ഷിച്ചിരുന്നത്. എന്നാല്‍ ഇവയുടെ നിയന്ത്രണം കോടതി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ശക്തമായ പ്രതിഷേധമയുര്‍ത്തിയതിനു പിന്നാലെയാണ് ഇവ ബംഗളൂരുവിലേക്ക് മാറ്റിയത്. അതേസമയം, മറ്റു പ്രതികള്‍ കൂടി കേസില്‍ ഉള്ളതിനാല്‍ വിചാരണ തുടരുമെന്ന് സുപ്രീംകോടതി പബ്ലിക് പ്രോസിക്യൂട്ടര്‍ ബി.വി ആചാര്യ പറഞ്ഞു.
Be the first to write a comment.