Connect with us

Views

ജസീറ തകര്‍ത്തു, റയല്‍ വിറച്ചു

Published

on

 

അലി കാഷിഫി എന്ന അത്യുഗ്രന്‍ ഗോള്‍ക്കീപ്പര്‍. ആദ്യ 20 മിനുട്ടിനിടെ പതിനൊന്ന് കിടിലന്‍ സേവുകള്‍. ലോകതാരം കൃസ്റ്റ്യാനോ റൊണാള്‍ഡോ നാല് വട്ടം അരിശത്തില്‍ ഗോള്‍ പോസ്റ്റില്‍ കൈ കൊണ്ടിടിച്ചു. സിദാന്‍ അവിശ്വസനീയതയോടെ പലവട്ടം തലയില്‍ കൈവെച്ചു. കൈവിട്ടുപോവുമോ കാര്യങ്ങളെന്ന ആശങ്കയില്‍ റയല്‍ മാഡ്രിഡ് ക്യാമ്പ്.
കാഷിഫിയും റയല്‍ മുന്‍നിരക്കാരും തമ്മിലുള്ള കൂട്ടപ്പോരില്‍ അല്‍ജസീറ പോസ്റ്റില്‍ കയറാന്‍ മടിച്ച് പന്തും… നാല്‍പ്പത്തിയൊന്നാം മിനുട്ടില്‍ ആദ്യമായി പന്ത് റയല്‍ ഗോള്‍ക്കീപ്പര്‍ കീലര്‍ നവാസിലേക്ക് വരുന്നു. അതാവട്ടെ ഞെട്ടിപ്പിക്കുന്ന ഗോള്‍….! ഒന്നാം പകുതിക്ക് പിരിയുമ്പോള്‍ ലോക ചാമ്പ്യന്‍മാരായ റയല്‍ ഒരു ഗോളിന് പിന്നില്‍. അവിശ്വസനീയം. രണ്ടാം പകുതി തുടങ്ങിയതും വീണ്ടും റയല്‍ വലയില്‍ പന്ത്…! സ്റ്റേഡിയം പൊട്ടിത്തെറിച്ചു. ബാന്‍ഡ്‌മേളങ്ങള്‍ ഉച്ചത്തിലായി… സിദാന്‍ തല താഴ്ത്തുന്നു. സ്‌റ്റേഡിയം സ്‌കോര്‍ കാര്‍ഡില്‍ 2-0 എന്ന് തെളിയുന്നു.
പക്ഷേ ലൈന്‍ റഫറി സംശയം പ്രകടിപ്പിച്ചപ്പോള്‍ ബ്രസീലുകാരനായ റഫറി സാന്‍ഡ്രോ റിച്ചി സ്വന്തം ഇയര്‍ ഫോണിലൂടെ പോര്‍ച്ചുഗീസുകാരനായ വീഡിയോ അസിസ്റ്റന്‍ഡ് റഫറി അര്‍തര്‍ ഡയസിന് നിര്‍ദ്ദേശം നല്‍കുന്നു. പന്ത് വലയിലാക്കിയ ജസീറ മുന്‍നിരക്കാരന്‍ മുബാറക് ബോസുഫ ഓഫ്‌സൈഡാണെന്ന് വീഡിയോ റഫറി വിധിക്കുന്നു…. ആശ്വാസത്തില്‍ റയല്‍ ക്യാമ്പ്. അതിനിടെ ജസീറ കാവല്‍ക്കാരന്‍ അലി കാഷിഫി പരുക്കുമായി മടങ്ങുന്നു. റയല്‍ തല ഉയര്‍ത്തുന്നു. പകരക്കാരനായ ഗോള്‍ക്കീപ്പര്‍ ഖാലിദ് സീനാനിയെ നിശ്ചലനാക്കി 53-ാം മിനുട്ടില്‍ തട്ടുതകര്‍പ്പന്‍ കൃസ്റ്റ്യാനോ ഗോള്‍. റയല്‍ ക്യാമ്പില്‍ അത് വെളിച്ചമായി. പത്ത് തവണ തുറന്ന അവസരങ്ങള്‍ തുലച്ച കരീം ബെന്‍സേമയെ മാറ്റി വെയില്‍സിന്റെ സൂപ്പര്‍ താരം ഗാരത് ബെയ്ല്‍ കയ്യടികളുടെ അകമ്പടിയില്‍ മൈതാനത്തേക്ക്. ആദ്യ മിനുട്ടില്‍ തന്നെ മാര്‍സിലോ നല്‍കിയ പാസില്‍ സുന്ദരമായ ഗോള്‍.
റയലിന് ലീഡ്… ശേഷിക്കുന്ന സമയത്ത് കണ്ടത് റയലിന്റെ മാച്ച് പ്രാക്ടീസ്… 93 മിനുട്ട് പിന്നിട്ട് റഫറി സാന്‍ഡ്രോ റിച്ചി ലോംഗ് വിസിലൂതുമ്പോള്‍ ആശ്വാസത്തോടെ റയല്‍ ക്യമ്പ്… അന്ധാളിപ്പോടെ അല്‍ജസീറ ക്യാമ്പും സ്‌റ്റേഡിയവും….സംഭവബഹുലമായിരുന്നു റയലിന്റെ 2-1 ജയം. സ്പാനിഷ് ലാലീഗ കിരീടവും യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടവും സ്വന്തമാക്കിയ സംഘം ഇത്തരത്തില്‍ കളിച്ചാല്‍ ഇത്തവണ ഒരു കിരീടവും അവര്‍ക്ക് ലഭിക്കില്ല എന്നതിന്റെ ശക്തമായ തെളിവായിരുന്നു സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തിലെ അവരുടെ പ്രകടനം. നാണക്കേടിന്റെ തിരുമുറ്റത്തായിരുന്നു പലപ്പോഴും ടീം. കാസിമിറോ നയിച്ച പ്രതിരോധത്തിലെ രജതരേഖ പതിനെട്ടുകാരനായ പുത്തന്‍ താരം അഷ്‌റഫ് ഹക്കീമി മാത്രം. വിംഗുകളിലൂടെ കുതികുതിക്കുന്ന ഈ ചെറുപ്പക്കാരന്‍ നല്‍കിയ ഊര്‍ജ്ജമില്ലായിരുന്നെങ്കില്‍ താളമില്ലാത്ത മധ്യനിരയുടെ കഥയും കഴിയുമായിരുന്നു. കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ട ലുക്കാ മോഡ്രിച്ച് മാത്രമാണ് മല്‍സരത്തെ ഗൗരവത്തില്‍ കണ്ടത്. ബാലന്‍ഡിയോര്‍ ജേതാവ് റൊണാള്‍ഡോയെ ജസീറയുടെ രണ്ടും മൂന്നും പേര്‍ ചേര്‍ന്ന് മാര്‍ക്ക് ചെയ്തപ്പോള്‍ കരീം ബെന്‍സേമയെന്ന ഫ്രഞ്ചുകാരന്‍ വേഗതയില്‍ ശക്തനായി, ഫീനിഷിംഗില്‍ വട്ടപ്പൂജ്വുവുമായി.
രണ്ട് പകുതികളിലായി ഗോള്‍ക്കീപ്പറെ മാത്രം മുന്നില്‍ നിര്‍ത്തി ബെന്‍സീമയുടെ പലഷോട്ടുകളും പുറത്തായി. രണ്ട് തവണ ക്രോസ് ബാറും വില്ലനായി. പകരമിറങ്ങിയ ബെയിലാവട്ടെ പത്ത് മിനുട്ടിനിടെ ഒരു ഗോളും, ഒരു അക്രോബാറ്റിക് ഷോട്ടുമായി കാണികളെ കയ്യിലെടുക്കുകയും ചെയ്തു. പോരാട്ടത്തിലെ ഹീറോ യു.എ.ഇ ദേശീയ ടീമിന്റെ ഗോള്‍ക്കീപ്പറായ കാഷിഫി തന്നെയായിരുന്നു.
ആദ്യ മിനുട്ട് മുതല്‍ ടീമിന്റെ കപ്പിത്താന്‍ കൂടിയായ കാഷിഫിക്ക് പിടിപ്പത് ജോലിയായിരുന്നു. കൃസ്റ്റ്യാനോയും നാച്ചോയും ബെന്‍സേമയും മാറി മാറി കയറി വന്നപ്പോള്‍ പന്ത് ജസീറ ബോക്‌സില്‍ തന്നെയായിരുന്നു. ഇരുപത്തിമൂന്നാം മിനുട്ടില്‍ ബെന്‍സേമയുടെ ഹെഡര്‍ പോസ്റ്റില്‍ കയറിയിരുന്നു. പക്ഷേ റഫറി അനുവദിച്ചില്ല. പിറകെ നാച്ചോയുടെ ക്രോസിന് തല വെച്ച് കാസിമിറോ കാഷിഫിയെ പരാജിതനാക്കി. പക്ഷേ ജസീറ താരങ്ങള്‍ ഫൗളിന് പരാതിപ്പെട്ടപ്പോള്‍ റഫറി വീഡിയോ റഫറലിലേക്കു പോയി.
ഗോള്‍ അംഗീരിച്ചില്ല. പിറകെയായിരുന്നു ബ്രസീലുകാരനായ റൊമാരിഞ്ഞോയുടെ ഗോള്‍ വന്നതും റയല്‍ ഞെട്ടിയതും. അത് വരെയും സ്വന്തം ഗോള്‍മുഖം വിട്ട് മല്‍സരം ആസ്വദിക്കുകയായിരുന്നു കീലര്‍ നവാസ്. പെട്ടെന്നുള്ള പ്രത്യാക്രമണത്തില്‍ റയല്‍ ഡിഫന്‍സും വിറച്ചു. രണ്ട് പേരെ മറികടന്നുള്ള ബ്രസീലുകാരന്റെ ഷോട്ട് വലയില്‍ കയറി. ഞെട്ടിത്തരിച്ചു സ്‌റ്റേഡിയം. ആഹ്ലാദം അല്‍പ്പമധികം ദീര്‍ഘിച്ചു. ഒന്നാം പകുതിയില്‍ ജസീറക്ക് ലീഡ്,1-0…!രണ്ടാം പകുതി ആരംഭിച്ചതും അവിശ്വസനീയതയുടെ ആരവം… സ്‌റ്റേഡിയത്തിലെ 36,650 പേരും ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റു. ഈ കാണുന്നത് സത്യമാണോ… വീണ്ടും കീലര്‍ നവാസ് പരാജിതനായിരിക്കുന്നു. പ്രത്യാക്രമണത്തിനിടെ മുബാറക് ബോസുഫ ഓഫ്‌സൈഡായിരുന്നുവെന്നോ എന്നറിയാന്‍ വീണ്ടും വീഡിയോ ആശ്രയം… റഫറിയുടെ സംശയം സത്യമായിരുന്നു. റയല്‍ നെടുവീര്‍പ്പിട്ടു. കാലിലെ വേദനയില്‍ കാശിഫി തൊട്ടുപിറകെ മടങ്ങി. ആ പിന്‍മാറ്റമായിരുന്നു റയലിന്റെ പ്രതീക്ഷ.
പിറകെ സ്വതസിദ്ധമായ ക്ലീന്‍ ഷോട്ട് റൊണാള്‍ഡോ ഗോള്‍. സമനിലക്ക് ശേഷവും കളി ജസീറ ഹാഫില്‍ തന്നെ. ഒറ്റപ്പെട്ട് നടക്കുന്ന പ്രത്യാക്രമണത്തില്‍ മാത്രമായിരുന്നു ആതിഥേയര്‍. മാര്‍ക്കോ അസന്‍സിയോ എന്ന സ്പാനിഷ് യുവതാരം നാച്ചോക്ക് പകരം വരുന്നു. റയല്‍ നീക്കങ്ങള്‍ക്ക് വേഗത കൈവരുന്നു. ബെന്‍സേമയെ തിരിച്ചുവിളിച്ച് പകരം ഗാരത്ത് ബെയിലിനെയും സിസു ഇറക്കുന്നു.
പിറകെ വിജയ ഗോള്‍… പിറകെ ലോംഗ് വിസിലും. ഇത്രയും അദ്ധ്വാനം റയല്‍ പ്രതീക്ഷിച്ചിരുന്നില്ല. അനായാസം ജയിക്കാമെന്ന് കരുതിയ പോരാട്ടം ആവേശകരമാക്കിയ ജസീറക്ക് നിലക്കാത്ത കൈയ്യടികള്‍. നാളെയാണ് കലാശം. റയലിന്റെ പ്രതിയോഗികള്‍ ബ്രസീലുകാരായ ഗുമിറസ്. കപ്പ് നിലനിര്‍ത്താനായാല്‍ ഫിഫ ക്ലബ് ലോകകപ്പ് നിലനിര്‍ത്തുന്ന ആദ്യ യൂറോപ്യന്‍ ക്ലബ് എന്ന ബഹുമതി റയലിന് നേടാം. പക്ഷേ ഈ ഫോമില്‍ അത് എളുപ്പമല്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘എസ്‌ഐആറിനെ മറയാക്കിയുള്ള ബിജെപിയുടെ ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുന്നു’: കെസി വേണുഗോപാല്‍ എംപി

പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു

Published

on

ബിജെപിയെ പോലെ എസ് ഐ ആറിനെ മറയാക്കി കേരളത്തില്‍ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുകയാണ്. പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സംവിധായകന്‍ വിഎം വിനുവിന്റെ വോട്ട് നിഷേധിച്ചത്. കോഴിക്കോട് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിനു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത വിനുവിനും കുടുംബത്തിനും വോട്ട് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. അധികാര ദുര്‍വിനിയോഗത്തിലൂടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന വൈഷ്ണ സുരേഷിന് വോട്ടില്ലെന്ന് വരുത്തിതീര്‍ത്ത് അവരുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദ് ചെയ്യാനാണ് സിപിഎം ശ്രമിച്ചത്. സിപിഎമ്മിന്റെ നീചരാഷ്ട്രീയം ബോധ്യപ്പെട്ട ഹൈക്കോടതി,കനത്ത പ്രഹരം നല്‍കി നടത്തിയ നിരീക്ഷണം അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്.ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ഹൈക്കോടതി ഇതിലൂടെ നല്‍കിയതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

വൈഷ്ണയ്‌ക്കെതിരായ നീക്കത്തിലൂടെ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ സജീവ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നതിനെ തടയിടാനാണ് സിപിഎം പരിശ്രമിച്ചത്. ഇത് അവരുടെ ഇരട്ടത്താപ്പിന്റെ നേര്‍ച്ചിത്രമാണ്. ചെറുപ്പക്കാരിയെ മേയര്‍ സ്ഥാനത്ത് അവരോധിച്ചതില്‍ ഊറ്റം കൊള്ളുന്ന സിപിഎമ്മാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നേരെ ജനാധിപത്യവിരുദ്ധത അഴിച്ചുവിട്ടതെന്നും വേണുഗോപാല്‍ പരിഹസിച്ചു.

എസ്‌ഐആര്‍ ധൃതിപിടിച്ച് നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടിവാശി ബിജെപിയെ സഹായിക്കാനാണ്. അതിനിടെയാണ് എസ് ഐ ആര്‍ മറയാക്കി സിപിഎം കള്ളവോട്ട് ചേര്‍ക്കലും, വോട്ടു നിഷേധിക്കലും നടത്തുന്നത്. ബിജെപിയെപ്പോലെ സിപിഎമ്മിന്റെ കപട മതേതരവാദവും ജനാധിപത്യ സംവിധാനത്തിന് ശാപമാണ്. രാഷ്ട്രീപക്ഷപാത നിലപാടിന്റെ പേരില്‍ സിപിഎമ്മിന്റെ ഭീഷണിയാണ് പയ്യന്നൂരില്‍ ബിഎല്‍ഒയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Continue Reading

india

ഏഴു വർഷത്തിന് ശേഷം ചൈന സന്ദർശനം; മോദി- ഷി ജിൻ പിങ്ങ് കൂടിക്കാഴ്ച ഇന്ന്

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ടിയാൻജിനിൽ വച്ചാകും കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യയ്ക്കുമേലുള്ള 50 ശതമാനം തീരുവയെ തുടർന്ന് ഇന്ത്യ- യു എസ് വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർണ്ണായകമാണ് കൂടിക്കാഴ്ച. ഏഴു വർഷത്തെ ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദർശിക്കുന്നത്.

രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകീട്ടാണ് ടിയാൻജിനിൽ എത്തിയത്. ബിൻഹായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ സമൂഹം നരേന്ദ്രമോദിയ്ക്ക് ഊഷ്മള സ്വീകരണം നൽകി. 2020 ലെ ഗാൽവാൻ താഴ്‌വരയിലെ സംഘർഷത്തിനുശേഷമുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും, വ്യാപാരത്തിലും പ്രാദേശിക സ്ഥിരതയിലും സഹകരണം വർധിപ്പിക്കുന്നതിനുമുള്ള തീരുമാനങ്ങൾ സന്ദർശനത്തിനിടയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

രണ്ട് പ്രധാന സമ്പദ്‌വ്യവസ്ഥകളായ ഇന്ത്യയും ചൈനയും ലോക സാമ്പത്തിക ക്രമത്തിൽ സ്ഥിരത കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്ന് സന്ദർശനത്തിനു മുൻപായി ജപ്പാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

Continue Reading

Features

അക്ഷരങ്ങളുടെ കുലപതിക്ക് വിട

മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു

Published

on

സഫാരി സൈനുല്‍ ആബിദീന്‍

മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.

ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു

പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.

പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.

ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.

Continue Reading

Trending