തിരുവനന്തപുരം: പോലീസ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് പോലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ആസ്പത്രിയില്‍ കഴിയുന്ന ജിഷ്ണുവിന്റെ അമ്മ മഹിജ. പോലീസ് തന്നെ ചവിട്ടി വലിച്ചിഴച്ചുവെന്നും മഹിജ പറഞ്ഞു.

സഹോദരന്‍ ശ്രീജിത്തിനെയാണ് ആദ്യം മര്‍ദ്ദിച്ചത്. പിന്നെ തന്നെ ചവിട്ടി വലിച്ചിഴക്കുകയായിരുന്നുവെന്നും മഹിജ പറഞ്ഞു. നട്ടെല്ലിനും ഇടുപ്പിനും പരിക്കേറ്റ മഹിജയിപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ക്കൊപ്പം പോലീസ് കസ്റ്റഡിയിലായ ആറു ബന്ധുക്കളെ പോലീസ് വിട്ടയച്ചു. ജിഷ്ണുവിന് നീതിയാവശ്യപ്പെട്ട് നാളെ മുതല്‍ നിരാഹാരമിരിക്കുമെന്ന് ജിഷ്ണുവിന്റെ സഹോദരി പറഞ്ഞു. ഇങ്ങനെ വലിച്ചിഴച്ച് കൊണ്ടുപോയ അവര്‍ എന്തുകൊണ്ട് പ്രതികളെ അറസ്റ്റു ചെയ്തില്ലെന്ന് സഹോദരി മാധ്യമങ്ങളോട് പറഞ്ഞു.

മഹിജയേയും അമ്മാവന്‍ ശ്രീജിത്തിനേയും പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് സഹോദരി നാളെ മുതല്‍ നിരാഹാരമിരിക്കാന്‍ രംഗത്തെത്തുന്നത്. പോലീസ് കസ്റ്റഡിയില്‍ നിന്ന് വിട്ടാല്‍ വീണ്ടും പോലീസ് ആസ്ഥാനത്തേക്കു തന്നെ പോയി സമരം ചെയ്യുമെന്ന് ജിഷ്ണുവിന്റെ അമ്മാവന്‍ പറഞ്ഞു.