ജിഷ്ണുവിന്റെ അമ്മക്കെതിരെയുള്ള പോലീസ് അതിക്രമത്തില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ. ഒരു മനുഷ്യന്‍ എന്ന നിലയില്‍ പോലീസ് നടപടിയെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുഹ്‌സിന്‍ പറഞ്ഞു. ഫേസ്ബുക്ക് ലൈവിലാണ് മുഹ്‌സിന്റെ പ്രതികരണം.

മകനെ നഷ്ടപ്പെട്ടതുകൊണ്ടാണ് അവര്‍ പോലീസ് ആസ്ഥാനത്ത് സമരം നടത്തിയത്. പോലീസ് അവരെ ക്രൂരമായിട്ടാണ് നേരിട്ടത്. അവരെ വലിച്ചിഴച്ചാണ് അവിടെ നിന്നും കൊണ്ടുപോയത്. എന്തിനാണ് അമ്മയെ അവിടെ നിന്നും നീക്കേണ്ടത്? എന്നാല്‍ ഇവിടെ വെറുതെ നീക്കുക മാത്രമല്ല, വളരെ ക്രൂരമായിട്ടാണ് പോലീസ് അവരെ നീക്കിയത്. മകന്റെ മരണത്തിന് കാരണക്കാരായവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ അതിന്റെ വേദന അമ്മക്കുണ്ടാകും. മര്യാദയും സഹാനുഭൂതിയുമാണ് അവരോട് കാണിക്കേണ്ടിയിരുന്നത്. പോലീസ് ആസ്ഥാനത്ത് നടന്ന പ്രവര്‍ത്തികള്‍ ഇടതു സര്‍ക്കാരിന് ചേര്‍ന്നതല്ലെന്നും മുഹ്‌സിന്‍ പറഞ്ഞു. സംഭവത്തിന് കാരണക്കാരായ പോലീസുകാരെ നീക്കം ചെയ്യണം. പോലീസിന്റെ നടപടിയെ ചോദ്യം ചെയ്യണം. ഇവരെപ്പോലുള്ളവര്‍ കേരള പോലീസില്‍ ഉണ്ടാകാന്‍ പാടില്ലെന്നും മുഹ്‌സിന്‍ പറഞ്ഞു.

നട്ടെല്ലിനും ഇടുപ്പെല്ലിനും പരിക്കേറ്റ ജിഷ്ണുവിന്റെ അമ്മ മഹിജ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലാണ്. അമ്മക്കും അമ്മാവനും നേരെയുണ്ടായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചും ജിഷ്ണുവിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടും നാളെ ജിഷ്ണുവിന്റെ സഹോദരി പോലീസ് ആസ്ഥാനത്ത് നിരാഹാരമിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.